 ക്യാമ്പുകളിലേക്ക് പോകാതെ അഗതികളും അന്യ സംസ്ഥാനക്കാരും

പത്തനംതിട്ട: നഗരത്തിൽ ഇന്നലെ സൗജന്യ ഉച്ചഭക്ഷണം വിതരണം നടന്നില്ല. ഭക്ഷണപ്പൊതികൾ വാങ്ങാൻ മുപ്പതോളം ആളുകളാണ് കാത്ത് നിന്നത്. രാഷ്ട്രീയ അടിസ്ഥാനത്തിൽ സമാന്തര അടുക്കളയും ഭക്ഷണവിതരണവും അനുവദിക്കാനാവില്ലെന്ന് ജില്ലാ കളക്ടർ കർശന നിലപാട് എടുത്തതോടെ സംഘടനകൾ പൊതിച്ചോർ വിതരണം നടത്തിയില്ല. നഗരത്തിലെ അഗതികൾക്കും അന്യ സംസ്ഥാനക്കാരുമായി എഴുപതോളം ആളുകളാണ് ഭക്ഷണത്തിനായി കാത്തുനിന്നത്. സൗജന്യ ഭക്ഷണ വിതരണം നിറുത്തിയത് ഇവർ അറിഞ്ഞിരുന്നില്ല.

നഗരസഭയിലെ മൂന്ന് സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം വിലകൊടുത്ത് വാങ്ങിയാണ് സംഘടനകൾ സൗജന്യമായി വിതരണം ചെയ്തിരുന്നത്.

ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് കോഴഞ്ചേരി തഹസിൽദാർ കെ.ഒാമനക്കുട്ടനും അഡി.തഹസിൽദാർ ജയദീപും നഗരത്തിലെത്തി. അഗതികൾക്കും അന്യ സംസ്ഥാനക്കാർക്കുമായി കുമ്പഴ ബഥനി സ്കൂളിലും തൈക്കാവ് സ്കൂളിലും ക്യാമ്പ് ഒരുക്കിയിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചെങ്കിലും മിക്കവരും പോകാൻ കൂട്ടാക്കിയില്ല. ആറ് പേർ മാത്രമാണ് ക്യാമ്പിലേക്ക് പോയത്.

നഗരസഭയിലെ സമൂഹ അടുക്കളയിൽ മുൻകൂട്ടി ലഭിക്കുന്ന ഓർഡർ അനുസരിച്ചാണ് ഭക്ഷണപ്പൊതി തയാറാക്കുന്നത്. വാർഡുകളിലെ കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നൽകുന്ന പട്ടികയനുസരിച്ചാണ് സൗജന്യ ഭക്ഷണം. കുമ്പഴയിലെയും പത്തനംതിട്ടയിലെയും ക്യാമ്പുകളിൽ എത്തുന്നവരുടെ എണ്ണം കണക്കാക്കി നഗരസഭയുടെ സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം എത്തിക്കാനാണ് തീരുമാനം. പത്തനംതിട്ട പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെ കുടുംബശ്രീ കാന്റീൻ ഒരേ സമയം സമൂഹ അടുക്കളയും ബഡ്ജറ്റ് കാന്റീനുമായാണ് പ്രവർത്തിക്കുന്നത്. അമ്പതോളം ഉച്ചയൂണ് ഇവിടെനിന്ന് സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ ആവശ്യക്കാർക്ക് 20 രൂപ നിരക്കിൽ ഊണ് നൽകിയിരുന്നു. ശബരിമല ഇടത്താവളത്തിലെ സമൂഹ അടുക്കളയിൽ 130 ഓളം പൊതികളും നഗരസഭയുടെ സേവന കാന്റീൻ മുഖേന ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിലും ജീവനക്കാർക്കും ഉച്ചയൂണ് എത്തിക്കുന്നുണ്ട്.