തണ്ണിത്തോട്: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിനിയുടെ വീടാക്രമിച്ച സംഭവത്തിൽ അറസ്റ്റുചെയ്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ സി.പി.എം പ്രവർത്തകരായ മോഹന വിലാസത്തിൽ രാജേഷ്, പുത്തൻപുരയ്ക്കൽ അശോകൻ, അശോക ഭവനത്തിൽ അജേഷ് എന്നിവരെയാണ് അറസ്റ്റുചെയ്ത് വിട്ടയച്ചത്. കോയമ്പുത്തൂരിൽ പഠിക്കുകയായിരുന്ന പെൺകുട്ടി കഴിഞ്ഞ 17നാണ് നാട്ടിലെത്തിയത്. തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പിതാവ് പുറത്തിറങ്ങി നടക്കുന്നെന്നാരോപിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ചിലർ ഭീഷിണി മുഴക്കിയിരുന്നു . തുടർന്ന് വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന് ശേഷമാണ് വീടിനു നേരെ ആക്രമണമുണ്ടായത്.

പഞ്ചായത്തിന്റെ ചുമതലയിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണ് സമാന്തരമായി സി.പി.എം നേതൃത്വത്തിൽ ഭക്ഷണപ്പൊതി വിതരണം തുടങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിന് സംഭവവുമായി ബന്ധമുള്ളതായി ആരോപണമുണ്ട്. .

പഞ്ചായത്ത് ഒാഫീസിലെ ഡ്രൈവറെ ഒരു സംഘമാളുകൾ മർദ്ദിക്കാനും ശ്രമിച്ചിരുന്നു. വീട് ആക്രമിച്ചവരെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജയൻ പിള്ള ആനിക്കാട്ട് ആരോപിച്ചു. എം.എൽ. എ യുടെ ഒത്താശയോടെയാണ് അക്രമമെന്ന് ബി.ജെ. പി. നിയോജക മണ്ഡലം പ്രസിഡന്റ് ജി. മനോജ് പറഞ്ഞു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം ആവശ്യപ്പെട്ടു.