പത്തനംതിട്ട : തണ്ണിത്തോട്ടിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച ആറ് സി.പി.എം പ്രവർത്തകരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തെ മുഖ്യമന്ത്രി തളളിപ്പറഞ്ഞതിന് പിന്നാലെയാണ് ആറ് പേരെയും സസ്പെൻഡ് ചെയ്തുകൊണ്ട് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പ്രതക്കുറിപ്പ് ഇറക്കിയത്.

പെൺകുട്ടിയുടെ വീടിന് നേരെയുണ്ടായ കല്ലേറും ആക്രമണവും മനുഷ്യത്വരഹിതമായ പ്രവർത്തനമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെ പാർട്ടി അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി ജില്ലാ സെക്രട്ടറി അറിയിച്ചു.

കോയമ്പത്തൂരിൽ പഠിക്കുകയായിരുന്ന പെൺകുട്ടി കഴിഞ്ഞ 17നാണ് നാട്ടിലെത്തിയത് തുടർന്ന് കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പിതാവ് നാട്ടിൽ കറങ്ങി നടക്കുന്നുവെന്നാരോപിച്ച് സമൂഹമാദ്യമങ്ങളിലൂടെ ചിലർ ഭീഷിണി മുഴക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് വീടിനു നേരെ ആക്രമണവുണ്ടായത്. സംഭവത്തിൽ തണ്ണിത്തോട പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ യു.ഡി.എഫും ബി.ജെ.പിയും രംഗത്തുവന്നിരുന്നു.