ചെങ്ങന്നൂർ: കോവിഡ് 19 രോഗഭീതിയെ തുടർന്ന് മംഗലാപുരത്ത് ചികിത്സ നിഷേധിച്ച രോഗിക്കും കുടുംബത്തിനും സജി ചെറിയാൻ എം.എൽ.എ തുണയായി.
പുലിയൂർ ഇലഞ്ഞിമേൽ എബിൻവില്ലയിൽ പ്രകാശ് എം.തോമസിന്റെ ഭാര്യ ലഖ്നൗ സമർപ്പൺ നേഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ മറിയാമ്മ (48) യ്ക്കാണ് ചികിത്സ നിഷേധിച്ചത്. പനച്ചൂർ മെഡിക്കൽ കോളജിൽ ഒന്നാംവർഷ ഫിസിയോതെറാപ്പിക്ക് പഠിക്കുന്ന മകൻ അബിനോടൊപ്പം 7 മാസമായി മംഗലാപുരത്ത് താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് മറിയാമ്മയ്ക്ക് ഗുരുതരമായ ഗർഭാശയ രോഗം ഉണ്ടായത്. അസുഖം മൂർച്ഛിക്കുകയും, അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് മംഗലാപുരത്തുള്ള നിരവധി ആശുപത്രികളിൽ എത്തിച്ചെങ്കിൽ കൊവിഡ് 19 ന്റെ സാഹചര്യത്തിൽ മലയാളിയായതിനാൽ ചികിത്സ ലഭിച്ചില്ല. ഇതിനിടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കുരുവിള ചാക്കോയെ രോഗവിവരം അറിയിച്ചു. മറിയാമ്മയെ അടിയന്തരമായി തിരുവല്ലയിലെ ആശുപത്രിയിലെത്തിക്കാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും കർണ്ണാടക അതിർത്തി കടന്ന് എത്തുന്നത് പ്രതിസന്ധിയായി. തുടർന്നാണ് സജി ചെറിയാൻ എം.എൽ.എയെ ഫോണിലൂടെ ബന്ധപ്പെട്ടത്.
എം.എൽ.എ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവരം അറിയിച്ചു. മുഖ്യമന്ത്രിയുടെ ആഫീസിൽ നിന്ന് കർണാടക സർക്കാരുമായി ബന്ധപ്പെട്ടപ്പോൾ ആംബുലൻസിൽ രോഗിയേയും കുടുംബത്തിനെയും ബുധനാഴ്ച രാവിലെ കർണ്ണാടക അതിർത്തിയിൽ എത്തിച്ചു. കാസർഗോഡ് കളക്ടർക്ക് നല്കിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ച ആംബുലൻസിൽ തലപ്പാടിയിൽ നിന്ന് മറിയാമ്മയെയും കുടുംബത്തെയും തിരുവല്ലായിലെ ആശുപത്രിയിൽ എത്തിച്ചു.