10-kutti-challange

പത്തനംതിട്ട: വീടിനകത്തിരിന്ന് കൊച്ചുകൂട്ടുകാരെല്ലാം മുഷിഞ്ഞെന്നു പറയാൻ വരട്ടെ. ലോക്ക് ഡൗൺ കാലത്ത് അവർക്കും വീട്ടിലിരുന്ന് ചെയ്യാൻ ചിലതുണ്ടെന്ന് നമ്മെ കാട്ടിത്തരികയാണ് നർത്തകി അഡ്വ. രാഗം അനൂപിന്റെ നേതൃത്വത്തിൽ നന്നുവക്കാട് പ്രവർത്തിക്കുന്ന റിഥംസ് സെന്റർ ഒഫ് പെർഫോമിംഗ് ആർട്സ്. വെറുതെ ഇരുന്ന് ബോറടിക്കുന്ന കുട്ടികളുടെ കഴിവുകളെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയൊരു കുട്ടിച്ചലഞ്ചുമായി രാഗം അനൂപ് എത്തിയിരിക്കുന്നത്. സംഗീതം, നൃത്തം, ചിത്രരചന, അഭിനയം, കല കൗശല വസ്തുക്കളുടെ നിർമാണം തുടങ്ങി ഏതു മേഖലയിലും വിദ്യാർത്ഥികൾക്ക് മാറ്റുരയ്ക്കാം. ഓരോ മേഖലയിലും താൽപര്യം കാണിക്കുന്ന കുട്ടികൾക്ക് ആവശ്യമെങ്കിൽ നിർദ്ദേശങ്ങൾ ഫോണിലൂടെ റിഥിംസ് സ്‌കൂളിൽ നിന്ന് ലഭിക്കും. അങ്ങനെ കുട്ടികൾ ചെയ്യുന്ന എല്ലാ പ്രവർത്തികളുടെയും ഫോട്ടോയും വീഡിയോയുമൊക്കെ നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യും. ദിവസങ്ങൾക്കുള്ളിൽ ഇതുവരെ ചലഞ്ച് ഏറ്റെടുത്ത് നൂറ്റി അൻപതോളം വിദ്യാർത്ഥികളാണ് കഴിവുകൾ പ്രകടിപ്പിച്ചത്. ഒരു വിദ്യാർത്ഥിക്കു തന്നെ ഒന്നിലധികം ചലഞ്ചുകളിൽ പങ്കെടുക്കുകയും ചെയ്യാം.
പുറത്തിറങ്ങാനും കളിക്കാനും കഴിയാതെ വന്നതോടെ വീട്ടു തടങ്കലിലായ കുട്ടികളുടെ മാനസിക സമ്മർദ്ദത്തെക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ശ്രമമെന്ന് രാഗം അനൂപ് പറയുന്നു. നവമാദ്ധ്യമങ്ങളിൽ വീഡിയോകൾ പ്രചരിച്ചതോടെ കൂടുതൽ കുട്ടികളാണ് ഇതിൽ പങ്കാളികളാകാനായി എത്തുന്നത്. റിഥംസ് സ്‌കൂളിന് പുറത്തു നിന്നുള്ള വിദ്യാർത്ഥികൾക്കും ഈ ചലഞ്ചിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഫോൺ: 9400197585.