makal

അടൂർ: അഗതി കേന്ദ്രത്തിലെ രണ്ടാഴ്ചത്തെ പരിചരണവും കൗൺസിലിംഗും ഒരു വർഷത്തിലേറെയായി വീട് വിട്ടിറങ്ങി കടവരാന്തയിൽ അഭയം തേടിയ വയോധികന്റെ മനസ് മാറ്റിമറിച്ചു. മകളോട് പിണങ്ങി ഏനാദിമംഗലത്തെ കടവരാന്തകളിൽ അഭയം തേടിയ ഏനാദിമംഗലം മാരൂർ കരണ്ട മൂലയിൽ പൊടിയനാണ് (87) തിരികെ വീട്ടിലേക്ക് മടങ്ങിയത്. കരുവാറ്റ ഗവ: എൽപി സ്കൂളിൽ നടന്നുവരുന്ന കൊവിഡ് പ്രതിരോധ ക്യാമ്പിൽ കഴിഞ്ഞുവന്ന പൊടിയനെ മകൾ ശാന്തകുമാരി ഇന്നലെ കൂട്ടികൊണ്ടുപോയി. മൂന്നു മക്കളുടെ പിതാവായ വയോധികൻ ഭാര്യ മരണപ്പെട്ട ശേഷം മക്കളുമായി പിണങ്ങിയതോടെയാണ് വീട് വിട്ടിറങ്ങിയത്. നാട്ടുകാർ അടൂർ ഡിവൈ. എസ്. പി ജവഹർ ജനാർഡിനെ വിവരം അറിയിക്കുകയായിരുന്നു. ഡി വൈ. എസ്. പി വയോധികനെ കൂട്ടികൊണ്ട് വന്ന് വൈദ്യ പരിശോധനക്ക് ശേഷം ക്യാമ്പിൽ പാർപ്പിക്കുകയായിരുന്നു. കൊറോണ വ്യാപന സമയമായതിനാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന നിർദ്ദേശവും ക്യാമ്പിൽ ലഭ്യമാക്കിയ സാധനങ്ങളുമായാണ് മകൾക്കൊപ്പം മടങ്ങിയത്.