പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ വഴി വിതരണം ചെയ്തത് 101582 ഭക്ഷണ പൊതികൾ. 8214 പ്രഭാത ഭക്ഷണ പൊതികളും 86,076 ഉച്ചഭക്ഷണ പൊതികളും 7,292 അത്താഴവും കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ഇതിനോടകം വിതരണം ചെയ്തു. ജില്ലയിൽ നാലു മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണ് ഉള്ളത്. കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് കമ്മ്യൂണിറ്റി കിച്ചണുകൾ നടത്തുന്നത്. ജില്ലയിൽ ഏറ്റവുമധികം ഭക്ഷണം വിതരണം ചെയ്തത് ആറന്മുള മണ്ഡലത്തിലാണ്. മൂവായിരത്തോളം ഭക്ഷണപൊതികൾ ദിവസേന മണ്ഡലത്തിൽ വിതരണം ചെയ്യുന്നു. ഇതുവരെ 29263 ഭക്ഷണപൊതികളാണ് വിതരണം ചെയ്തത്. ഏറ്റവും കൂടുതൽ ഭക്ഷണം ലഭ്യമാക്കിയ ഗ്രാമപഞ്ചായത്ത് കോഴഞ്ചേരി പഞ്ചായത്താണ്. 1110 പേർക്കാണ് ഇതുവരെ നൽകിയത്. ഇവിടെ ഉച്ചയ്ക്ക് മാത്രമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. കമ്മ്യൂണിറ്റി കിച്ചണുകളിൽ നേരിട്ടെത്തി ഭക്ഷണം വാങ്ങുന്നവർക്ക് 20 രൂപയും വീടുകളിൽ എത്തിക്കുന്നതിന് 25 രൂപയുമാണ് ഈടാക്കുന്നത്. പഞ്ചായത്ത് വാർഡ് മെമ്പർ, സി.ഡി.എസ് അംഗം, കുടുംബശ്രീ ജില്ലാ മിഷൻ അംഗങ്ങൾ എന്നിവരടങ്ങുന്ന ഏഴംഗ കോർഡിനേഷൻ കമ്മിറ്റിക്കാണ് കമ്യൂണിറ്റി കിച്ചണുകളുടെ ചുമതല. ഒരു കിച്ചണിൽ മൂന്നു മുതൽ അഞ്ച് വരെ കുടുംബശ്രീ അംഗങ്ങളാണ് ഭക്ഷണമൊരുക്കുന്നത്.