പത്തനംതിട്ട: നഗരസഭാ പരിധിയിൽ ഭക്ഷണം ലഭ്യമായില്ലെന്ന പേരിൽ ഒരുകൂട്ടം ആളുകൾ ഒത്തുചേർന്നതിനെ തുടർന്ന് വീണാ ജോർജ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നു. ജില്ലാ കളക്ടർ പി.ബി.നൂഹ്, നഗരസഭ ചെയർപേഴ്‌സൺ റോസ്‌ലിൻ സന്തോഷ്, നഗരസഭ സെക്രട്ടറി എ.എം. മുംതാസ്, ഡിവൈ.എസ്.പി പ്രദീപ്കുമാർ, കോഴഞ്ചേരി തഹസീൽദാർ കെ. ഓമനക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭയുടെ കീഴിലുള്ള കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്നോ ബഡ്ജറ്റ് ഹോട്ടലിൽ നിന്നോ ആശ്രയ, അഗതി വിഭാഗത്തിലുള്ളവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഭക്ഷണം പാകംചെയ്യാൻ കഴിയാത്തവർക്കും സൗജന്യമായോ പണം നൽകിയോ ഭക്ഷണം വാങ്ങാവുന്നതാണെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു.
പത്തനംതിട്ട നഗരസഭാ പരിധിയിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് 9188246485 എന്ന നമ്പറിൽ വിളിക്കാമെന്ന് നഗരസഭ അധ്യക്ഷ റോസ്‌ലിൻ സന്തോഷ് അറിയിച്ചു.