അടൂർ : ഫാൻസി സ്റ്റോറിന്റെ മറവിൽ പലചരക്ക് സാധനം പായ്ക്കറ്റിലാക്കി ഉയർന്ന വിലയ്ക്ക് വിറ്റതിന്റെ പേരിൽ അടൂർ സെൻട്രൽ ജംഗ്ഷനിലെ ആശാഫാൻസി സ്റ്റോഴ്സ് ഉടമ മണക്കാല നെല്ലിമൂട്ടിൽ ലാവണ്യയിൽ എൻ. ഐ അലക്സാണ്ടറിനെതിരെ കേസ് എടുത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് എത്തിയ പൊലീസ് വിജിലിൻസ് വിഭാഗം നടത്തിയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അടൂർ പൊലീസ് കേസ് എടുത്തത്. ഫാൻസി സാധനങ്ങൾ വിൽക്കുന്നതിനാണ് ലൈസൻസ് നൽകിയിട്ടുള്ളത്. എന്നാൽ പലചരക്ക് സാധനങ്ങൾ പായ്ക്ക് ചെയ്ത് എം.ആർ.പി റേറ്റിൽ വിൽപ്പന നടത്തിവരികയായിരുന്നു. ഒപ്പം അവശ്യസാധന നിയമപ്രകാരമുള്ള ലൈസൻസ് പുതുക്കിയിട്ടുമില്ല. വിജിലൻസ് ഡിവൈ. എസ്. പി ഹരിവിദ്യാധറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി താലൂക്ക് സപ്ളൈ ഒാഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. സപ്ളൈ ഒാഫീസർ അടൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് എടുത്തതെന്ന് സി.ഐ യു. ബിജു പറഞ്ഞു.