പത്തനംതിട്ട : ജില്ലയിലെ റേഷൻകടകളിലൂടെ സപ്ലൈകൊ മുഖേന സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യകിറ്റ് വിതരണം എല്ലാ താലൂക്കുകളിലും ആരംഭിച്ചു. ഇന്നലെ ട്രൈബൽ കാർഡുകൾക്കാണ് കിറ്റ് വിതരണം ചെയ്തത്. ജില്ലയിലെ ആറ് താലൂക്കുകളിലായി ആകെ 1790 ട്രൈബൽ കാർഡ് ഉടമകളാണുള്ളത്. സപ്ലൈകൊ കിറ്റുകൾ തയാറാക്കി റേഷൻ ഡിപ്പോകളിൽ എത്തിച്ച് റേഷൻ കടകളിൽക്കൂടി ട്രൈബൽ പ്രമോട്ടർമാരുടെ സഹായത്തോടെയായിരുന്നു വിതരണം.
രണ്ടാം ഘട്ടമായി ഏഏവൈ കാർഡുകളുടെ കിറ്റാണ് വിതരണം നടത്തുന്നത്. ഈ കിറ്റുകൾ ഏപ്രിൽ 11ന് വിതരണം ആരംഭിക്കും. ഇപോസ് മെഷീൻവഴിയാണ് കിറ്റുകളുടെ വിതരണവും നടക്കുന്നത്. റേഷൻകാർഡ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന റേഷൻകടയിൽ നിന്നു മാത്രമേ കിറ്റ് ലഭിക്കുകയുള്ളു. പോർട്ടബിലിറ്റി സൗകര്യം കിറ്റിന് നൽകേണ്ടതില്ലെന്നാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. ഏഏവൈ കാർഡുകളുടെ വിതരണം പൂർത്തിയായതിനുശേഷം മറ്റ് വിഭാഗം കാർഡുകൾക്കും സൗജന്യകിറ്റ് ലഭ്യമാക്കും.
അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നാലുപേർക്ക് ഒന്ന് എന്ന കണക്കിൽ കിറ്റ് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.
റേഷൻ ഡിപ്പോകൾ വഴിയുള്ള സൗജന്യറേഷൻ വിതരണം ഇന്നലെ തുടർച്ചയായ ഒൻപതു ദിവസം പിന്നിട്ടപ്പോൾ ജില്ലയിൽ 314326 കാർഡുടമകൾ സൗജന്യറേഷൻ കൈപ്പറ്റിയതായി ജില്ലാ സപ്ലൈ ഓഫീസർ എം.എസ്. ബീന അറിയിച്ചു. ആകെ കാർഡുകളുടെ 92 ശതമാനം പേർ വരും ഇത്. ഇതിൽ 80454 കാർഡുടമകൾ പോർട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തി. ദു:ഖവെള്ളി പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻകടകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.