കൊടുമൺ :കോവിഡു കാലത്തും കൊടുമൺ പഞ്ചായത്തിൽ ഉത്തമ കാർഷിക മുറകളിലൂടെ ഉത്പാദിപ്പിച്ച നെല്ലുകൾ കർഷകരിൽ നിന്നും ഏറ്റെടുത്ത് കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിപണിയിലെത്തിക്കുന്ന കൊടുമൺ റൈസിന്റെ പുതിയ ബാച്ച് വിപണനത്തിനു തയാറായി.150 ടൺ നെല്ലാണ് കർഷകരിൽ നിന്നും 26.95 പൈസക്ക് ഇത്തവണ സംഭരിച്ചത്.കൊടുമൺ റൈസിന്റെ ആറാം ഘട്ട വിപണത്തിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.മുൻപ് അഞ്ച് ഘട്ടങ്ങളിലും കോട്ടയം വെച്ചൂരുള്ള ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ മില്ലിലാണ് സംസ്കരണം നടത്തിയിരുന്നതെങ്കിലും ഈ വട്ടം കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇവിടെ സപ്ലെകോ വഴി വിതരണം നടത്തേണ്ട ആവശ്യ സാധനങ്ങളുടെ സംസ്കരണം നടക്കുന്നതിനാൽ വെച്ചൂർ തന്നെയുള്ള നീണ്ടൂർ സഹകരണ ബാങ്കിന്റെ മില്ലിലാണ് സംസ്കരണം നടന്നത്.1കിലോയ്ക്ക് 60 രൂപ നിരക്കിൽ വിപണിയിലെത്തിക്കുന്ന കൊടുമൺ റൈസ് പഞ്ചായത്തിലെ ഇക്കോ ഷോപ്പ് വിപണന കേന്ദ്രങ്ങൾ കൂടാതെ സമീപ പഞ്ചായത്തുകളിലെ സൂപ്പർ മാർക്കറ്റുകൾ വഴിയും വിപണനം നടത്തുന്നുണ്ട്.

വിത്ത് വണ്ടി വീട്ട് മുറ്റത്ത് പദ്ധതി

കോവിഡ് കാലത്ത്പൊതുജനങ്ങളിൽ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക വികസന കാർഷിക ക്ഷേമവകുപ്പും, കൊടുമൺ പഞ്ചായത്തും കൃഷിഭവനുമായി ചേർന്ന് വിത്ത് വണ്ടി വീട്ട് മുറ്റത്ത് എന്ന പദ്ധതിക്കാണ് തുടക്കമാകുന്നത്.മുളക്,വഴുതന,തക്കാളി,പയർ,വെണ്ട,പാവൽ,പടവലം, വെള്ളരി തുടങ്ങി പത്തിനം വിത്തുകളും തൈകളുമാണ് വിത്ത് വണ്ടി വഴി വിതരണം ചെയ്യുക.ഒരു വാർഡിൽ ഏറ്റവും കുറഞ്ഞത് 50 പേരെങ്കിലും പച്ചക്കറി കൃഷിയിൽ സജീവമാക്കുകയാണ് കൃഷി ഭവന്റെ ലക്ഷ്യം.വാർഡ് മെമ്പർ മുഖേനയോ 9446,851589,9496733047,9496195122 എന്ന നമ്പർ മുഖേനയോ ആവശ്യക്കാർക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.കൂടാതെ കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജീവനി സഞ്ജീവനി എന്ന പേരിൽ കാർഷിക വിപണിക്കും പഞ്ചായത്തും കൃഷിഭവനും ഫാർമേഴ്സ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന വിഷു വിപണി ഇക്കോ ഷോപ്പ് വഴി 13ന് ചിറ്റയം ഗോപകുമാർ എം.ൽ എ ഉദ്ഘാടനം നിർവഹിക്കും.

ജീവനി - സഞ്ജീവനി പൈനാപ്പിള്‍ ചലഞ്ച്

ജില്ലയിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ജില്ലാ ഭരണകൂടവും കൃഷി വകുപ്പും കോന്നി ആഗ്രോ സര്‍വീസ് സെന്ററും സംയുക്തമായി പൈനാപ്പിള്‍ ചലഞ്ച് നടപ്പാലാക്കുന്നു.ജില്ലയിലെ ഫ്‌ളാറ്റുകള്‍,റസിഡന്‍സ് അസോസിയേഷനുകള്‍,കച്ചവടക്കാര്‍,വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് എ ഗ്രേഡ് പൈനാപ്പിളുകള്‍ കിലോഗ്രാമിന് 20 രൂപാ നിരക്കില്‍ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍എത്തിച്ചു നല്‍കുന്നു.ഒരു ഓര്‍ഡറിന്റെ ഏറ്റവും കുറഞ്ഞ അളവ്100 കിലോയാണ്.13നകം വിളവെടുക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ പൈനാപ്പിള്‍ ലഭ്യത അറിയിക്കാവുന്നതാണെന്ന് ജില്ലാ പ്രിന്‍സിപ്പല്‍കൃഷി ഓഫീസര്‍അറിയിച്ചു.ഫോൺ- 9946673990, 9961200145, 9495734107, 9446340941, 9995089155. കൊടുമൺ പഞ്ചായത്തിലെ ഫാർമേഴ്‌സ് സൊസൈറ്റിയുടെ ഇക്കോ ഷോപ്പുകൾ വഴിയാണ് പൈനാപ്പിൾ വിതരണം ചെയ്യുന്നത്.

-കർഷകരിൽ നിന്ന് സംഭരിച്ചത് 150 ടൺ നെല്ല്

-കൊടുമൺ റൈസിന്റെ ആറാംഘട്ട വിപണനം

-ഇത്തവണ കൃഷി ചെയ്തത്. ഉമ,ജ്യോതി ഇനത്തിൽ പെട്ട നെല്ല്