polic
വിശന്ന് തളർന്ന വയോധികന് അടൂർ ട്രാഫിക് സ്റ്റേഷനിലെ എ. എസ്. ഐ ബാബുക്കുട്ടൻപിള്ള തങ്ങൾക്ക് കഴിക്കാൻ ലഭിച്ച പൊതിച്ചോർ നൽകുന്നു.

അടൂർ : ലോട്ടറി കച്ചവടം നടത്തി ലഭിക്കുന്ന പണത്തിലൂടെ ഉപജീവനം നടത്തുകയും കടത്തിണ്ണയിൽ അന്തിയുറങ്ങുകയും ഊന്നുവടിയുടെ സഹായത്തോടെമാത്രം സഞ്ചരിക്കാനും കഴിയുന്ന ശങ്കു എന്ന എഴുപത്തിയെട്ടുകാരൻ ലോക്ക് ഡൗണായതോടെ ഉപജീവനം വഴിമുട്ടിയെങ്കിലും വിശപ്പ് എന്തെന്ന് കഴിഞ്ഞ ദിവസം വരെയും അറിഞ്ഞിരുന്നില്ല. സമാന്തര ഭക്ഷണവിതരണം നിരോധിച്ചുകൊണ്ടുള്ള ജില്ലാ ഭാരണകൂടത്തിന്റെ ഉത്തരവ് നടപ്പിലായതോടെ കഴിഞ്ഞ രണ്ട് ദിവസമായി ഭക്ഷണത്തിന് വഴിയില്ലാതെ റോഡിലേക്ക് കണ്ണും നട്ടും കഴിയുകയാണ് വലതുകാൽ മുട്ടിന് താഴെ മുറിച്ചുകളഞ്ഞ ഈ വയോധികൻ.കഴിഞ്ഞ ആറ് വർഷമായി അടൂരിലെ കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന ആളാണ് വയനാട് സ്വദേശിയായ ഇയാൾ. കമ്മ്യൂണിറ്റി കിച്ചൺവരെപോയി ഭക്ഷണം വാങ്ങികഴിക്കാനുള്ള ആവതില്ല, രണ്ട് ദിവസമായി ആരും കൊണ്ട് കൊടുക്കാനുമില്ല. ഭക്ഷണം കഴിക്കാത്ത ക്ഷീണം ആ മുഖത്ത് പ്രകടമാണ്. പതിവ് പോലെ ഇന്നലെ ഉച്ചയ്ക്കും അടൂർ കെ.എസ്.ആർ.ടി.സി കോർണറിലെ കടത്തിണ്ണയിൽ ഭക്ഷണം കാത്തിരുന്നെങ്കിലും രണ്ടുമണിയെത്തിയിട്ടും പൊതിച്ചോറുമായി ആരുമെത്തിയില്ല.ആവൃദ്ധന്റെ മുഖത്തെ ദയനീയതയും വിശപ്പിന്റെ വിളിയും കണ്ടറിഞ്ഞ് പൊതുനിരത്തിലെ പരിശോധനയ്ക്ക് നിന്ന എ.എസ്.ഐ അടൂർ പൊലീസ് സ്റ്റേഷനിൽ നിന്നും തങ്ങൾക്ക് കഴിക്കാൻ ലഭ്യമാക്കിയ ഭക്ഷണ പൊതുകളിൽ ഒന്ന് നൽകിയപ്പോൾ ആ മുഖത്ത് ദുഖവെള്ളിയാഴ്ച ദിനത്തിലും പ്രത്യായശയുടെ നിഴലാട്ടം മിന്നിമറഞ്ഞു. ഇത് ഒരാളുടെ അവസ്ഥയല്ല. രാവിലെയും ഉച്ചയ്ക്കും, വൈകിട്ടും ഇത്തരത്തിൽ ലഭിക്കുന്ന ഭക്ഷണത്തിനായി കാത്തിരിക്കുന്നവർ ഏറെയാണ്. അവരെല്ലാവരും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഭക്ഷണപൊതികൾ കാത്തിരിക്കുകയാണ്. എന്നാൽ ആരും സഹായത്തിനല്ലാതെ വന്നതോടെ വിശപ്പ് അടക്കുകയാണ്.