അടൂർ : അടൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നല്ല കൂട്ടായ്മ എന്ന വാട്സ് ആപ്പ് ഗ്രൂപ്പും കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവം. അടൂർ കരുവാറ്റ ഗവ. എൽ. പി സ്കൂളിൽ പ്രവർത്തിക്കുന്ന അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ബെഡ്ഷീറ്റുകളും തോർത്തും മാസ്കുകളും മറ്റും നൽകി. ചിറ്റയം ഗോപകുമാർ എം. എൽ. എ അടൂർ ഡിവൈ. എസ്. പി ജവഹർ ജനാർദ്ധിന് ഇവ കൈമാറി. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സിന്ധു തുളസീധരൻ, നല്ല കൂട്ടായ്മ ചെയർമാൻ റോബിൻ ബേബി, അഡ്മിൻ വിജയകുമാർ, ജോസ്, ജോർജ്ജ് മുരിക്കൻ എന്നിവർ പങ്കെടുത്തു. തുടർന്ന് പെരിങ്ങനാട്, മുണ്ടപ്പള്ളി, നെല്ലിമുകൾ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ നിർദ്ധന കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റും പലവ്യഞ്ജന കിറ്റും സൗജന്യമായി വിതരണം ചെയ്തു. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് നല്ല കൂട്ടായ്മ ചെയർമാൻ റോബിൻ ബേബി പറഞ്ഞു.