
അടൂർ : ലോക് ഡൗൺ മൂലം മരുന്നിന് ബുദ്ധിമുട്ടനുഭവിച്ച വൃദ്ധയ്ക്ക് ചിറ്റയം ഗോപകുമാർ എം. എൽ. എൽയുടെ സഹായഹസ്തം. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിയുന്ന പറക്കോട് കുട്ടിത്തറിയിൽ കാർത്ത്യായനി അമ്മയ്ക്കാണ് മരുന്നെത്തിച്ചത്. ലോക്ക് ഡൗണായതിനാൽ മകന് ജോലിയില്ല. ഒരാഴ്ചയായി കഴിച്ചുകൊണ്ടിരുന്ന മരുന്ന് തീർന്നു. വാങ്ങാൻ പണവുമില്ല. ചിറ്റാറിൽ താമസിക്കുന്ന ഇവരുടെ മകൾ പ്രഭയും ചിറ്റാർ പഞ്ചായത്ത് അംഗം ഷൈലജാബീവിയുമാണ് എം.എൽ.എയെ ഫോണിൽ വിവരം അറിയിച്ചത്. എം.എൽ.എയുടെ നിർദ്ദേശമനുസരിച്ച് ആശാ വർക്കർ വീട്ടിലെത്തി മരുന്നിന്റെ വിവരങ്ങൾ വാങ്ങി എം.എൽ.എയെ ധരിപ്പിച്ചു. പറക്കോട്ടെ വീട്ടിലെത്തി മരുന്നും ഭക്ഷണവും എം.എൽ.എ കാർത്ത്യായനിക്ക് നൽകി. . പെൻഷൻ കിട്ടിയില്ലെന്ന് അറിഞ്ഞതോടെ അത് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. സാമൂഹ്യ പ്രവർത്തകൻ ജോർജ് മുരിക്കൻ, സി. പി. ഐ നേതാവും മുൻ നഗരസഭാ കൗൺസിലറുമായ ഇ.കെ.സുരേഷ് എന്നിവരും എം.എൽ.എയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.