പത്തനംതിട്ട: ഇൗ മാസം 14ന് ലോക്ക് ഡൗൺ പിൻവിലിച്ചാൽ നാട്ടിലേക്ക് പോകാൻ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന പൊലീസിന്റെ മൈക്ക് അനൗൺസ്മെന്റ് തെറ്റിദ്ധരിച്ച് അന്യ സംസ്ഥാനക്കാർ കൂട്ടത്തോടെ റോഡിലിറങ്ങി. ‌നാട്ടിലേക്ക് പോകാനുളളവർ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യണമെന്ന ധാരണയിൽ അൻപതോളം വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ താമസ സ്ഥലത്ത് നിന്ന് വെളിയിലിറങ്ങി. പൊലീസ് വീണ്ടും മൈക്ക് അനൗൺസ്മെന്റ് നടത്തി തൊഴിലാളികളെ താമസ കേന്ദ്രങ്ങളിലേക്ക് കയറ്റി. ഇന്നലെ രാവിലെ ഒൻപത് മണിയോടെ കണ്ണങ്കര വലഞ്ചുഴി ഭാഗത്താണ് അനൗൺസ്മെന്റ് നടത്തിയത്.

ഹിന്ദി ഭാഷ അറിയുന്ന നാട്ടുകാരനെക്കൊണ്ടാണ് അനൗൺസ്മെന്റ് നടത്തിയത്. ഒാൺലൈനിൽ ബുക്ക് ചെയ്ത് ടിക്കറ്റ് ഉറപ്പാക്കിയവർ 14ന് മുൻപ് പൊലീസിൽ അറിയിക്കണമെന്നാണ് അന്യസംസ്ഥാനക്കാരോട് പറഞ്ഞതെന്ന് പത്തനംതിട്ട എസ്.െഎ വ്യക്തമാക്കി. 14ന് ലോക്ക് ഡൗൺ അവസാനിച്ചാൽ അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോകുമെന്ന സ്ഥിതി മനസിലാക്കിയാണ് അനൗൺസ്മെന്റ് നടത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്തവരെ മത്രമേ പോകാൻ അനുവദിക്കുകയുളളൂവെന്ന് അറിയിച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ അവസാനിച്ചാൽ തങ്ങൾക്കെല്ലാം നാട്ടിൽ പോകണമെന്ന് തൊഴിലാളികൾ ആവശ്യമുന്നയിച്ചു.