> ഇതുവരെ പരിശോധിച്ചത് 2106 സാമ്പിളുകൾ
പത്തനംതിട്ട: ജില്ലയിൽ ഇന്നലെയും പൊസിറ്റീവ് കേസുകൾ ഉണ്ടായില്ല. ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച മാർച്ച് എട്ടിന് ശേഷം പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ 2000 കഴിഞ്ഞു. ഇന്നലെ മാത്രം 231 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ആകെ സാമ്പിളുകൾ 2106 ആയി. ഇന്നലെ 174 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്.
ഇന്നലെ വരെ അയച്ച സാമ്പിളുകളിൽ 16 എണ്ണം പൊസിറ്റീവായും 1481 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 683 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
മൈഗ്രന്റ് കോൾ സെന്ററിലേക്ക് ഇന്നലെ 13 കോളുകൾ ലഭിച്ചു. ഇതിൽ രണ്ടു പേർക്ക് ബന്ധപ്പെട്ട പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ നിന്ന് ചികിത്സ നൽകി.
1007 അതിഥി തൊഴിലാളികളെ ലേബർ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയ അഞ്ചു പേരിൽ ഒരാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും മറ്റ് നാലു പേരെ സാമ്പിൾ എടുക്കുന്നതിനായി അടൂർ ജനറൽ ആശുപത്രിയിലേക്ക് വിടുകയും ചെയ്തു.