പത്തനംതിട്ട: കൊവിഡ്19 പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വാർ റൂം പ്രവർത്തിച്ചു വരുന്നു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കുക, അവരുടെ വീടുകൾ സന്ദർശിക്കുക, അവർക്ക് വേണ്ട ഭക്ഷണ സാമഗ്രികൾ എത്തിക്കുക, കൗൺസിലിംഗ് നൽകുക, സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുക, സ്റ്റിക്കർ പതിക്കുക, പ്രത്യേക പരിഗണന നൽകേണ്ട വിഭാഗങ്ങളുടെ വിവരശേഖരണം, അവരുടെ ചികിത്സ, ബോധവൽക്കരണം, ഭക്ഷണം, നിലവിൽ ലഭ്യമായ പ്രതിരോധ സംവിധാനങ്ങളുടെ വിവരശേഖരണം, വാർഡ്തല ആരോഗ്യ ജാഗ്രതാ സമിതികളെ ഏകോപിപ്പിക്കുക, അതിഥി തൊഴിലാളികളുടെ വിവരം ശേഖരിക്കൽ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മരുന്നുകളുടെ ലഭ്യത, ആരോഗ്യ വിഭാഗം ജീവനക്കാരുടെ വാഹന സൗകര്യം ഉറപ്പുവരുത്തലും അല്ലാത്തവർക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്തു തലത്തിൽ നടന്നുവരുന്നത്.
വാർ റൂമിന് ജില്ലയിലെ മുഴുവൻ സെക്രട്ടറിമാരും പിന്തുണ നൽകുന്നുണ്ട്. ഡി.ഡി.പി:എസ്.സൈമ, എ.ഡി.പി ഷാജി ചെറുകരക്കുന്നേൽ എന്നിവരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജില്ലാതല വാർ റൂമിന്റെ ഏകോപന ചുമതല നോഡൽ ഓഫീസറായ പി.ജെ.രാജേഷ് കുമാറിനാണ്.
788 വാർഡുകളിലും വാട്‌സാപ്പ് ഗ്രൂപ്പുകൾ
788 വാർഡുകളിലും രോഗപ്രതിരോധ പ്രവർത്തകരെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചു. സാമൂഹിക അടുക്കള വഴി 5990 പേർക്ക് സൗജന്യ ഭക്ഷണം നൽകി. 572 അതിഥി തൊഴിലാളികൾക്കാണ് ഗ്രാമ പഞ്ചായത്ത് വഴി ഭക്ഷണം നൽകുന്നത് ഗ്രാമ പഞ്ചായത്ത് തലത്തിൽ 2013 സന്നദ്ധപ്രവർത്തകരെ പ്രതിരോധപ്രവർത്തനങ്ങളിൽ ഏകോപിപ്പിക്കുന്നത് സെക്രട്ടറിമാരാണ്.