ഇലവുംതിട്ട: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മെഴുവേലി കാരിത്തോട്ടാ വിനോദ് ഭവനിൽ വിനോദിന് മരുന്നെത്തിച്ച് നൽകി വീണാ ജോർജ് എം.എൽ.എ. ലോക്ക് ഡൗണിനെ തുടർന്ന് മരുന്ന് വാങ്ങാനാകാതെ ദുരിതത്തിലായിരുന്നു വിനോദും കുടുംബവും. ആറ് വർഷം മുൻപ് ജീവൻ രക്ഷാസമിതി രൂപീകരിച്ചാണ് വൃക്ക മാറ്റിവച്ചത്. മരുന്നുകൾ കഴിക്കാനായില്ലെങ്കിൽ ആരോഗ്യം മോശമാകുന്ന സ്ഥിതിയിലായപ്പോൾ മെഴുവേലി ഗ്രാമപഞ്ചായത്തു കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന കോൾസെന്ററിലേക്ക് വിനോദ് വിളിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് മോൻ വീണാജോർജിനെ വിവരം അറിയിച്ചു. തുടർന്ന് എം.എൽ.എ ജില്ലാ ഫയർഫോഴ്സ് ആഫീസറെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഗ്രാമപഞ്ചായത്ത് യൂത്ത് കോഡിനേറ്റർ വിജിൻ വിജയൻ ഡോക്ടറുടെ കുറിപ്പടി ജില്ലാ ഫയർ ഓഫീസർക്ക് കൈമാറി. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ നിന്ന് എറണാകുളം ഫയർഫോഴ്സ് ടീം മരുന്നു വാങ്ങി വിവിധ ഫയർഫോഴ്സ് യൂണിറ്റുകളിലൂടെ പത്തനംതിട്ടയിൽ എത്തിച്ചു. വിനോദിന്റെ വീട്ടിലെത്തി വീണാ ജോർജ് എം.എൽ.എ മരുന്ന് നൽകി.