പത്തനംതിട്ട : കുറേ വർഷങ്ങളായി തിരക്ക് പിടിച്ച ദിവസങ്ങളായിരുന്നു. വിശ്രമിക്കണം എന്ന് വിചാരിച്ചാൽ പോലും കഴിഞ്ഞിരുന്നില്ല. അങ്ങനെ നോക്കുമ്പോൾ ഇത് ഒരു അവസരമാണെന്ന് വിചാരിക്കാനാണിഷ്ടമെന്ന് സാമൂഹ്യ പ്രവർത്തക ഡോ. എം.എസ് സുനിൽ പറയുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലാണ് സുനിൽ ടീച്ചർ. ഇതുവരെ ടീച്ചർ നൽകിയ വീടുകളിലെ പാവപ്പെട്ടവർക്കും മറ്റുള്ളവർക്കും ഇരുപത് കൂട്ടം സാധനങ്ങൾ വാങ്ങി കിറ്റാക്കി വിതരണം ചെയ്തിട്ടാണ് ടീച്ചർ വീട്ടിൽ സുരക്ഷയായി ഇരിക്കുന്നത്. 167 വീടുകളാണ് ടീച്ചറിന്റെ നേതൃത്വത്തിൽ നിർമ്മിച്ചിട്ടുള്ളത്. വീട്ടിലിരിക്കൂ... സുരക്ഷിതരാകൂ.... എന്ന് പറയുമ്പോൾ തന്നെ വീടില്ലാത്ത നിരവധി പേർക്ക് ആശ്രയമാകാൻ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട് ടീച്ചർക്ക്. മൂന്ന് നായകൾക്കും മൂന്ന് പൂച്ചകൾക്കും ആഹാരം നൽകികൊണ്ടാണ് ഡോ. എം.എസ് സുനിലിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. വീട്ടുകാര്യത്തിനു പുറമേ പൂന്തോട്ട പരിപാലനവും ഉണ്ട്. ചെറിയ തോതിൽ കൃഷിയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ വായിക്കാൻ കഴിയാതെ പോയ ബുക്കുകൾ വായിക്കാനും സമയം കണ്ടെത്തും. തോന്നുന്നതൊക്കെ എഴുതി വയ്ക്കും. ഫോണിൽ വിളിക്കാൻ പറ്റുന്നവരുടെയെല്ലാം സുഖവിവരങ്ങൾ അന്വേഷിക്കും. സുരക്ഷിതമാണെന്നറിയുമ്പോൾ ഒരു ആശ്വാസം. ചിലർ വിളിയ്ക്കുമ്പോൾ ആശങ്കയാണ്. വിദേശത്ത് നിന്ന് വിളിച്ച ഒരു കുട്ടി അവിടത്തെ ബുദ്ധിമുട്ടുകൾ പറയുന്ന കേട്ടിട്ട് സഹിക്കാൻ പറ്റില്ല. പാർട് ടൈം ജോബ് ചെയ്യുന്ന അവരെല്ലാം ഇപ്പോൾ വാടക പോലും കൊടുക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. നമ്മൾക്ക് ഇവിടെ കിട്ടുന്ന സുരക്ഷ അവിടെ അവർക്കില്ല. പണി പൂർത്തിയാക്കിയ നാല് വീടുകൾ കൈമാറാൻ കഴിഞ്ഞില്ല. അതൊരു വിഷമമാണ് ടീച്ചർക്ക്. ആറ് വീടുകളുടെ പണി ആരംഭിച്ചതേയുള്ളു. സാധനങ്ങൾ വാങ്ങിവച്ചിരിക്കുകയാണ്. അത് പൂർത്തിയാക്കാൻ വൈകും. ചില മോട്ടിവേഷൻ ക്ലാസുകളും ഇൻഫർമേഷൻ ക്ലാസുകളും വിഡിയോ ചെയ്ത് യൂ ട്യൂബിൽ പോസ്റ്റ് ചെയ്യാനും ടീച്ചർ സമയം കണ്ടെത്തുന്നുണ്ട്.

" എത്ര ക്ലാസുകളും സെമിനാറുകളും നടത്തി. ഒന്നിനും പരിഹാരമായിരുന്നില്ല. മിതമായ ചെലവിൽ ജീവിക്കാൻ ജനങ്ങൾ പഠിച്ചു. അങ്ങനെ പഠിക്കണം. കോടികൾ മുടക്കി ആരാധനാലയങ്ങൾ പണിയുന്നതിനേക്കാൾ ആശുപത്രികളാണ് ആവശ്യമെന്ന് തിരിച്ചറിയണം. ഇപ്പോൾ വീട്ടിലിരുന്നും പ്രാർത്ഥിക്കാൻ എല്ലാവർക്കും അറിയാം. തിരിച്ചറിവാണ് പലതും. അതിന് കൂടി ഈ അവസരം പ്രയോജനപ്പെടുത്തണം."

ഡോ. എം.എസ്.സുനിൽ