ചെങ്ങന്നൂർ: മത്സ്യമാംസ പച്ചക്കറി, മിഠായി കച്ചവടക്കാർ സർക്കാർ നിർദ്ദേശങ്ങൾ തങ്ങൾക്ക് ബാധകമല്ല വാങ്ങാൻ വരുന്നവർ അത് പാലിക്കട്ടെ എന്ന നിലപാടിലാണ്. നിരവധി ആൾക്കാരാണ് ദിനംപ്രതി രാവിലെ 7മുതൽ നഗരമദ്ധ്യത്തിലെ കടകളിൽ എത്തിച്ചേരുന്നത്. ഒരാഴ്ചയോളമായി ഈ സ്ഥിതി തുടരുന്നു. ഈസ്റ്റർ എത്തിയതോടെ തിരക്ക് ഇരട്ടിയായി. ശാസ്താംപുറം ചന്തയിൽ ഇന്നലെ രാവിലെ ഇറച്ചി വാങ്ങാനാണ് വൻ തിരക്കനുഭവപെട്ടത്.പൊലീസുകാർക്ക് നിയന്ത്രിക്കാൻ പറ്റാത്ത രീതിയിലായിരുന്നു തിരക്ക്.മേലുദ്യോഗസ്ഥരെ വിവരമറിയിച്ചതിനെത്തുടർന്ന് വലിയവാഹനത്തിൽ കൂടുതൽ പൊലീസ് എത്തിച്ചേർന്ന് ജനങ്ങളെ നിശ്ചിത അകലത്തിൽ നിറുത്തുകയായിരുന്നു. സൂപ്പർമാർക്കറ്റുകൾ സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് കച്ചവടം നടത്തുമ്പോൾ തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലിണ് ടൗണിലെ പഴയകച്ചവടക്കാരും. അത്യാവശ്യ സാധനങ്ങൾ വിൽക്കാൻ അനുമതി ഉണ്ടെങ്കിലും ബഥേൽ ജംഗ്ഷന് സമീപം വിൽപ്പന നടത്തുന്ന ഹോൾസെയിൽ കടയിൽ നിരവധി കച്ചവടക്കാരാണ് രാവിലെ 7മുതൽ 10 എത്തിച്ചേരുന്നത്.കപ്പലണ്ടി വറുത്തത്, കപ്പലണ്ടിമിഠായി, സിഗരറ്റ്, മിച്ചർ, അച്ചാർ എന്നിവയാണ് അവശ്യ സാധനങ്ങളുടെ പട്ടികയിൽപ്പെടുത്തി വിൽപ്പന നടത്തുന്നത്.നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് ഇവിടെയാണ്. വാഹനങ്ങളുടെ തിരക്ക് ഇല്ലാത്തതിനാൽ റോഡും ഇക്കൂട്ടർ കൈയേറിയാണ് നിൽപ്പ്. ചെങ്ങന്നൂരിൽ രണ്ടുപേർക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചശേഷവും ജനങ്ങൾ തടിച്ചു കൂടുന്നത് ഒഴിവാക്കാൻ ആരോഗ്യ വകുപ്പിനോ ,പൊലീസിനോ കഴിയുന്നില്ലന്ന ആക്ഷേപവുമുണ്ട്.