പത്തനംതിട്ട : ജില്ലയിൽ വിവിധ ഭാഗങ്ങളിലായി അവശ്യസാധനങ്ങൾക്കും മറ്റും അമിതവില ഈടാക്കുന്നത് കണ്ടെത്തി തടയാൻ സ്‌ക്വാഡുകളെ രൂപീകരിച്ചു. അവശ്യസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പി.ബി.നൂഹിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ആറു താലൂക്കുകളിലായി ലീഗൽ മെട്രോളജി, ഫുഡ് ആൻഡ് സേഫ്ടി, സിവിൽ സപ്ലൈസ്, റവന്യൂ, ആരോഗ്യം എന്നീ വകുപ്പുകൾ സംയോജിച്ച് നടത്തുന്ന സ്‌ക്വാഡ് എല്ലാ ദിവസങ്ങവങ്ങളിലും പരിശോധന നടത്തി റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കും. അമിത വില ഈടാക്കുന്നവർക്കെതിരെ കേസ് ഫയൽ ചെയ്യും. പിഴയും ഈടാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. മൂന്നു ദിവസം ഇടവിട്ട് എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ജില്ലാതല ഉദ്യോഗസ്ഥരുമായി യോഗം ചേരാനും തീരുമാനമായി. എ.ഡി.എം. അലക്‌സ് പി. തോമസ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ബി. രാധാകൃഷ്ണൻ, ജില്ലാ സപ്ലൈ ഓഫീസർ എം.എസ് ബീന, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ബി.ഐ സൈലാസ്, ഫുഡ് ആൻഡ് സേഫ്ടി അസിസ്റ്റന്റ് കമ്മീഷണർ ബി. മധുസൂദനൻ, നോഡൽ ഫുഡ് ആൻഡ് സേഫ്ടി ഓഫീസർ ജി. രഘുനാഥക്കുറുപ്പ്, ഫുഡ് ആൻഡ് സേഫ്ടി ഉദ്യോഗസ്ഥരായ എസ്.പ്രശാന്ത്, നീതു രവികുമാർ, പ്രശാന്ത് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.