12-monkey
മൂന്നംഗ വാനരസംഘം

ചെങ്ങന്നൂർ: പേരിശ്ശേരിയിൽ വാനര സംഘം ഇറങ്ങി. പേരിശേരി എഴിക്കൽ ഷാജി വില്ലയിൽ ഇ.സി വർഗീസിന്റെ വീട്ടിലെ ആഞ്ഞിലിമരത്തിൽ ഇന്നലെ ഉച്ചയോടെയാണ് മൂന്നംഗ വാനര സംഘത്തെ കണ്ടത്.വർഗീസിന്റെ പുരയിടത്തിൽ നിന്ന ചീമ പുളിയും, ചാമ്പയ്ക്കയും ഭാഗികമായി പഴുത്ത വാഴക്കുലയും വാനരർ തിന്നു. പിന്നീട് ഉച്ചയ്ക്ക് വർഗീസിന്റെ ഭാര്യ സാലി വർഗീസ് വാനരർക്ക് സദ്യയും സൽകി. ചോറ്, അവിയൽ, സാമ്പാർ എന്നിവ സംയുക്തമായി കുഴച്ചാണ് നൽകിയത്. ഊണ് കഴിഞ്ഞ് വർഗീസിന്റെ വാളൻപുളിമരച്ചുവട്ടിൽ മൂവർ സംഘം വിശ്രമിച്ചു. തുടർന്ന് 4.30 ഓടു കൂടി സാലി ഇവർക്ക് ബിസ്‌ക്കറ്റും ,പഴംപൊരിയും ചായയും നൽകി. ഇതിനിടയിൽ ഒരു ബക്കറ്റിൽ നിറയെ വെള്ളവും വർഗീസ് ഇവർക്കായി ശേഖരിച്ചു വച്ചിരുന്നു. ഒടുവിൽ ബക്കറ്റിൽ ഇറങ്ങി കുളിയും കഴിഞ്ഞ് വൈകിട്ട് 5 മണിയോടുകൂടിയാണ് ഇവർ മടങ്ങിയത്.വീട്ടിൽ വന്ന അതിഥികൾക്ക് ഗംഭീര വിരുന്നൊരുക്കിയാണ് കുടുംബാംഗങ്ങളായ സാലി വർഗീസ് ,ലിജി, റെയ്ൻ, ഫേബ എന്നിവർ സ്വീകരിച്ചത്.