തണ്ണിത്തോട്: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയുടെ വീടാക്രമിച്ച കേസിൽ നടപടിയുമായി വീണ്ടും പൊലീസ്. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധിച്ച് പെൺകുട്ടി വീട്ടിൽ നിരാഹാരമാരംഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ മേക്കണ്ണം മോഹന വിലാസത്തിൽ രാജേഷ്, മേക്കണ്ണം പുത്തൻപുരയ്ക്കൽ അശോകൻ, ഗവ: വെൽഫയർ സ്‌കൂളിന് സമീപം അശോകവിലാസത്തിൽ രാജേഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടയിച്ചിരുന്നു . ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

തുടർന്നാണ് പെൺകുട്ടി നിരാഹാരം തുടങ്ങിയത്.

അടൂർ ഡി.വൈ.എസ്.പി. ജവഹർനാർദ്ദാണ് പെൺകുട്ടിയുടെ വീട്ടിലെത്തി വീണ്ടും മൊഴി രേഖപ്പെടുത്തിയത്. ആദ്യം രേഖപ്പെടുത്തിയ മൊഴിയിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി പിതാവ് പരാതി നൽകിയിരുന്നു.

സംഭവത്തിൽ പിടികൂടാനുണ്ടായിരുന്നതണ്ണിത്തോട് ചക്കിട്ടയിൽ ജിൻസൺ (28), കാർത്തിക ഭവനിൽ നവീൻ പ്രസാദ് (30), ഈട്ടിക്കൽ സനൽ വർഗീസ് (36) എന്നിവർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

കോയമ്പുത്തൂരിൽ പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടി കഴിഞ്ഞ 17 നാണ് നാട്ടിലെത്തിയത് . തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നെന്നാരോപിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണിയും അവഹളനവും നടത്തിയിരുന്നു. ഇതിനുശേഷമാണ് വീടിനു നേരേ ആക്രമണമുണ്ടായത് . സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം അംഗങ്ങളായ പ്രതികളെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു, ഡി.സി.സി.പ്രസിഡന്റ് ബാബു ജോർജ്, മുൻ ഡി.സി.സി.പ്രസിഡന്റ് പി.മോഹൻരാജ്, ബി. ജെ.പി. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, ജില്ലാ സെക്രട്ടിമാരായ വി.എ.സൂരജ്, വിജയകുമാർ മണിപ്പുഴ എന്നിവർ ആവശ്യപ്പെട്ടിരുന്നു.