മല്ലപ്പള്ളി: കോവിഡിനെ പ്രതിരോധിക്കുവാൻ വീടുകളിലിരിക്കുന്ന വയോജനങ്ങൾക്ക് വായനയുടെ വസന്തോത്സവം ഒരുക്കി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുകോശി പോൾ വൃത്യസ്തനായി. ആനിക്കാട് ഡിവിഷനെ പ്രതിനിധികരിക്കുന്ന മല്ലപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കുഞ്ഞുകോശി തന്റെ ഡിവിഷനിലെ മൂശാരിക്കവല, കൈപ്പറ്റ, നല്ലൂർപ്പടവ്, ഇലവുങ്കൽ, തടത്തിൽ പുരയിടം, പൂവൻപാറ എന്നിവിടങ്ങളിലെ അങ്കണവാടികൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വയോജന ക്ലബുകളിലെ പുസ്തകങ്ങളാണ് ഒന്നാം ഘട്ടമായി വീടുകളിൽ എത്തിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി വയോജന ക്ലബുകൾ രൂപീകരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയ ബ്ലോക്ക് പഞ്ചായത്താണ് മല്ലപ്പള്ളി. വിനോദ ഉപാധികൾക്കൊപ്പം പുസ്തകങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അങ്കണവാടി അദ്ധ്യാപകരായ സനിത പി.ഗോപാലൻ,പി.ആർ.മിനി കുമാരി,എം.സി.നജ കുമാരി, വി. ശീദേവി, വി.ടി.വി ജയകുമാരി എന്നിവർ നേതൃത്വം നൽകും.ചെങ്കല്ല് വയോജന ക്ലബ് പ്രസിഡന്റ് പുഷ്പ ശശിധരൻ അദ്ധ്യക്ഷയായിരുന്നു.സനിത പി.ഗോപാലൻ, കെ.അന്നമ്മ എന്നിവർ പ്രസംഗിച്ചു.വായിക്കുന്ന പുസ്തകത്തിന് ഏറ്റവും നല്ല ആസ്വാദനക്കുറിപ്പ് എഴുതുന്ന ആളിന് സമ്മാനം നൽകുമെന്ന് കുഞ്ഞുകോശി പോൾ പറഞ്ഞു.