പത്തനംതിട്ട: ജില്ലയിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലെ വളർത്തു മൃഗങ്ങളുടെ കണക്കെടുത്തു. 702 വളർത്ത് മൃഗങ്ങളെയും 2305 കോഴി, താറാവുകളെയും നിരീക്ഷണത്തിലാക്കി. അവയുടെ ആരോഗ്യവിവരങ്ങൾ ഫോണിലൂടെ അന്വേഷിക്കും. രോഗലക്ഷണങ്ങളുണ്ടായാൽ പരിശോധന സാമ്പിളുകൾ ശേഖരിക്കും.
അയിരൂരിൽ കൊവിഡ് ബാധ സ്ഥരീകരിച്ച വ്യക്തിയുടെ വീട്ടിലെ വളർത്തുനായ മൃഗസംരക്ഷണ വകുപ്പിന്റ പ്രത്യേക നിരീക്ഷണത്തിലാണ്. നായ പൂർണ ആരോഗ്യവാനാണ്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവധി ദിവസങ്ങൾ ഉൾപ്പെടെ എല്ലാ വെറ്ററിനറി ആശുപത്രികളും പ്രവർത്തിക്കുന്നുണ്ട്. മൃഗാശുപത്രികളിൽ അടിയന്തര ചികിത്സ ലഭ്യമാണ്. ബ്ലോക്ക് അടിസ്ഥാനത്തിൽ ലഭ്യമായ രാത്രികാല അടിയന്തര മൃഗചികിത്സാസേവനപദ്ധതിയും തുടർന്നുവരുന്നു. പ്രത്യേക രോഗലക്ഷണങ്ങൾക്ക് നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി പത്തനംതിട്ടയിലെ ജില്ലാ ക്ലിനിക്കൽ ലാബ്, തിരുവല്ല മഞ്ഞാടിയിലുള്ള ഏവിയൻ ഡിസീസ് ഡയഗ്‌നോസിസ് ലാബ്, തിരുവനന്തപുരത്തുള്ള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആനിമൽ ഡിസീസ് എന്നിവ മുഖേന സാമ്പിളുകളുടെ പരിശോധന, പോസ്റ്റുമോർട്ടം എന്നിവയും ലഭ്യമാണ്.
കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ പ്രാദേശിക ലഭ്യത ഉറപ്പാക്കാൻ വിവിധ ഏജൻസികളുമായി ചേർന്നു ഇടപെടൽ നടത്തിവരികയാണു മൃഗസംരക്ഷണ വകുപ്പ്. മൃഗാശുപത്രികൾ, ക്ഷീരസംഘങ്ങൾ, മിൽമാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ് എന്നിവ ലഭ്യമാക്കി. പാൽ സംഭരണ വിതരണകേന്ദ്രങ്ങളിൽ വ്യക്തി അകലം പാലിക്കുന്നതിനും സജീകരണം ഉറപ്പാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും കാലിത്തീറ്റ, വൈക്കോൽ എന്നിവ എത്തിക്കാൻ ഫാം ഉടമകൾക്ക് ആവശ്യമായ വാഹനപാസ് ലഭിക്കാൻ വേണ്ട സഹായങ്ങൾ ലഭ്യമാക്കും. ഇതിനായി ഫാമുകളുടെ വിവരം പൊലീസിന് നൽകി.
മൃഗസംരക്ഷണ മേഖലയിൽ കൊവിഡ്കാല നിരീക്ഷണത്തിനും നിർദേശങ്ങൾക്കുമായി കൺട്രോൾ റൂം തുറന്നു.
> നിരീക്ഷണത്തിലുളളത്
വളർത്തുനായകൾ : 299
വളർത്തു പൂച്ചകൾ : 48
കന്നുകാലികൾ : 176
കറവ പശുക്കൾ : 56
ആടുകൾ : 123
കോഴി, താറാവുകൾ : 2305.
വിവരങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടാം. മൃഗസംരക്ഷണവകുപ്പ് : 9447391371, 9446560650,
ക്ഷീരവികസന വകുപ്പ് : 9446500490, 9496694944,
മിൽമ : 9446414418.