അടൂർ: ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്ന ആളിന് അഗ്നിശമനസേന തിരുവനന്തപുരത്ത് നിന്ന് മരുന്ന് എത്തിച്ചുനൽകി. വെള്ളക്കുളങ്ങര സ്വദേശി വി.ജനാർദ്ദനൻ പിള്ളയ്ക്കാണ് കഴിഞ്ഞ ദിവസം വീട്ടിൽ മരുന്ന് എത്തിച്ചത്. ആറ് മാസം മുൻപ് ഹൃദയാഘാതം ഉണ്ടായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലായിരുന്നു. ഇവിടുന്ന് കുറിച്ചു നൽകിയ മരുന്ന് തിരുവനന്തപുരത്ത് മാത്രമാണ് കിട്ടുന്നത്. മാസംതോറും ഡോക്ടറെ കണ്ട് മരുന്ന് വാങ്ങണം. ലോക്ക് ഡൗൺ കാരണം ആശുപത്രിയിലെത്താനും മരുന്ന് വാങ്ങാനും കഴിയാത്ത അവസ്ഥയായി. ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ അതേ മരുന്ന് തുടരാൻ ഫോണിൽ നിർദ്ദേശം നൽകി. എങ്ങനെ വാങ്ങുമെന്നായി വീട്ടുകാരുടെ ആശങ്ക. ഫയർഫോഴ്സ് ആവശ്യമായ മരുന്ന് വീടുകളിൽ എത്തിച്ചു നൽകുമെന്ന വിവരം അറിഞ്ഞതോടെ പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വിനോദിനെ വിളിച്ചു. മരുന്ന് എത്തിക്കാൻ നടപടിയുമായി. മരുന്നിന്റെ വിവരങ്ങൾ പത്തനംതിട്ട ഫയർഫോഴ്സിന്റെ കൺട്രോൾ റൂമിൽ നിന്ന് തിരുവനന്തപുരം കൺട്രോൾറൂമിലേക്ക് നൽകുകയായിരുന്നു. കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് നിന്ന് മരുന്ന് വാങ്ങി ഫയർ ഫോഴ്സ് വാഹനത്തിൽ അടൂർ ഫയർസ്റ്റേഷനിൽ എത്തിച്ചു. ഇന്നലെ രാവിലെ 7ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരുന്ന് വീട്ടിൽ എത്തിച്ചു നൽകി.
101
കൊവിഡ് 19 ന്റെ സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പത്തനംതിട്ട ഫയർ സ്റ്റേ ഷനിൽ പ്രവർത്തിക്കുന്നുണ്ട്. സഹായം ആവശ്യമുള്ളവർ 101 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. ജനതാ കർഫ്യൂ പ്രഖ്യാപിച്ച നാൾ മുതൽ ഇന്നലെ വരെ പത്തനംതിട്ട ജില്ലയിൽ 376 പേർക്ക് അഗ്നിശമന സേന മരുന്നെത്തിച്ച് നൽകി.