പത്തനംതിട്ട: കൊവിഡ് 19 രോഗബാധ ഉണ്ടായവരിൽ മുതിർന്ന പൗരന്മാർ, പ്രമേഹം, കരൾരോഗം, ഹൃദ്രോഗം, രക്താതിസമ്മർദം തുടങ്ങിയവയുള്ളവർ എന്നിവർക്കാണ് രോഗമൂർച്ചയും മരണവും കൂടുതലായി കാണപ്പെടുന്നത്. ഈ സാഹചര്യത്തിൽ ജില്ലയിലെ മുതിർന്ന പൗരന്മാർ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ അറിയിച്ചു. മുതിർന്ന പൗരന്മാർ അകാരണമായി വീടിനു പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി ഇടപഴകനോ പാടില്ല. ഇലക്കറികൾ, പോഷകാഹാരങ്ങൾ എന്നിവ നിത്യവുമുള്ള ആഹാരത്തിൽ ഉൾപ്പെടുത്തുകയും ധാരാളം ശുദ്ധജലം കുടിക്കുകയും വീട്ടിൽ തന്നെ വിശ്രമിക്കുകയും വേണം.
കോവിഡ് രോഗബാധിത പ്രദേശത്തുനിന്ന് തിരിച്ചെത്തി വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്ന വ്യക്തികളുമായി അടുത്തിടപെടരുത്. ജീവിതശൈലീ രോഗനിയന്ത്രണ മരുന്നുകൾക്കായോ താരതമ്യേന നിസാരമായ രോഗചികിത്സയ്‌ക്കോ മുതിർന്ന പൗരന്മാർ ആരോഗ്യകേന്ദ്രങ്ങളിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ, ആരേഗ്യേതര ആവശ്യങ്ങൾ അറിയിച്ചു പരിഹാരം കാണുന്നതിനും മാനസിക ഒറ്റപ്പെടലിനും ആകുലതകൾക്കും പരിഹാരത്തിനുമായി വിളിക്കാം. ഫോൺ: 9205284484.