പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശമുള്ള ത്രിതല സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഈ മാസം 15നകം താലൂക്ക് അടിസ്ഥാനത്തിൽ കൂടുതൽ മുറികൾ കണ്ടെത്താൻ തഹസിദാർമാർക്ക് ജില്ലാ കളക്ടർ പി.ബി.നൂഹ് നിർദേശം നൽകി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊവിഡ് ഹോസ്പിറ്റൽ, കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, കൊവിഡ് കെയർ സെന്റർ എന്നിവ സജ്ജീകരിക്കുന്നതിനാണ് മുറികൾ കണ്ടെത്തേണ്ടത്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവരെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരെയും പ്രത്യേകം നിരീക്ഷിക്കുന്നതിനാണു കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററും കൊവിഡ് കെയർ സെന്ററും സജ്ജമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിലവിൽ ശുചിമുറികളോട് ചേർന്ന 2,500 മുറികളും അല്ലാതെയുള്ള 5,600 മുറികളും താലൂക്ക് തലത്തിൽ തഹസിദാർമാർ കണ്ടെത്തി വിവരങ്ങൾ നൽകിയിട്ടുണ്ട്. കൊവിഡ് കെയർ സെന്ററിനായി താലൂക്ക് അടിസ്ഥാനത്തിൽ 1000 മുറികൾ വരെ തയ്യാറാക്കണം. ഈ മുറികളുടെ പ്രാഥമിക പരിശോധനയും വിവരശേഖരണവും പൂർത്തിയാക്കി. വിവരങ്ങളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളും നടക്കുന്നു. തഹസിദാർമാർ നൽകിയ മുറികളുടെ പട്ടികയിൽ നിന്നും കൊവിഡ് കെയർ സെന്റർ, ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, കൊവിഡ് ഹോസ്പിറ്റൽ എന്നിങ്ങനെ ഓരോ കെട്ടിടവും പരിശോധിച്ച് തരംതിരിക്കും.