കലഞ്ഞൂർ: കിഴക്കൻ മലയോരമേഖലയായ പാടം വെള്ളംതെറ്റിയിൽ കാട്ടാന ഇറങ്ങി കൃഷി നാശം വിതയ്ക്കുന്നത് പതിവാകുന്നു.കഴിഞ്ഞ ദിവസം വെള്ളംതെറ്റി പുത്തൻകളീയ്ക്കൽ വീട്ടിൽ പി. കെ. ശശിയുടെ 500 മൂട് വെറ്റിലക്കൊടി പൂർണ്ണമായും നശിപ്പിച്ചു.കമ്പിവേലി തകർത്താണ് കാട്ടാന കൃഷിയിടങ്ങളിലേക്ക് വരുന്നത്. കമുകുംതൈകളും മറ്റ് കൃഷിയിടങ്ങളും നശിപ്പിച്ചു.കാവൽ കിടന്നിരുന്ന ശശിയുടെ വീട് പൂർണ്ണമായും നശിപ്പിച്ചു. ആനയെക്കണ്ട് ഓടിയതിനാൽ അപകടം കൂടാതെ രക്ഷപെട്ടു. സംഭവസ്ഥലം വനപാലകർ സന്ദർശിച്ചു. ഈ പ്രദേശത്തെ കർഷകർ ബാങ്കിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്താണ് കൃഷി ചെയ്യുന്നത്. കൃഷിനാശം സംഭവിക്കുന്നതോടെ ഇവർ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഈ പ്രദേശത്തെ ജനങ്ങൾ ഏറെയും കൃഷി ചെയ്താണ് കുടുംബം പോറ്റുന്നത്.കൃഷിനാശം സംഭവിക്കുന്നതോടെ ഇവിടുത്തെ കർഷകർ ദുരിതത്തിലാണ്.കൃഷിനാശം സംഭവിക്കുന്നവർക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.