തണ്ണിത്തോട്: ആനകൾക്ക് കൊവിഡ് പിടിപെടാനുള്ള സാദ്ധ്യത കുറവാണെന്ന് ചൈനീസ് പഠനം. ചൈനയിൽ യൂറോപ്യൻ അഡോപ്ഷൻ ഒഫ് സൂ ആൻഡ് വൈൽഡ് ലൈഫ് എന്ന ഏജൻസി വന്യമൃഗങ്ങളിൽ നടത്തിയ പഠനങ്ങളിലാണ്കണ്ടെത്തൽ. പൂച്ചവർഗത്തിൽപ്പെട്ടപ്പെട്ട മൃഗങ്ങളിൽ വൈറസ് പകരാനുള്ള സാദ്ധ്യത തൊണ്ണൂറ് ശതമാനമാണന്നും എന്നാൽ ആനകൾക്കിത് മുപ്പത് ശതമാനം മാത്രമാണന്നും കേരളത്തിലെ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.ഈശ്വരൻ പറഞ്ഞു. കടുവ, സിംഹം, കാട്ടുപൂച്ച, കുരങ്ങ് എന്നിവയിൽ രോഗം വേഗത്തിൽ പകരും.. മറ്റ് വന്യമൃഗങ്ങളിൽ നിന്ന് ആനയ്ക്ക് രോഗ പ്രതിരോധശേഷിയിൽ വ്യത്യാസമില്ലങ്കിലും കൊവിഡ് വൈറസ് ആനകളുടെ ശരീരത്തിലെ കോശങ്ങളിൽ കയറിക്കൂടാനുള്ള സാദ്ധ്യത കുറവാണ്. സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രത്യേക പരിചരണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ആനകളെ പുറത്തേക്ക് കൊണ്ടുപോകുന്നില്ല . പാപ്പാൻമാർക്ക് പി.പി. ഇ കിറ്റുകൾ നൽകി പുറത്ത് അധികം സമ്പർക്കത്തിലേർപ്പെടരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. കോന്നി -6, കോടനാട് - 6, കോട്ടൂർ- 16, മുത്തങ്ങ -13 എന്നിങ്ങനെയാണ് ക്യാമ്പുകളിലെ ആനകൾ. ആനകൾക്ക് മൂക്കൊലിപ്പോ ശ്വാസതടസമോ ഉണ്ടോയെന്ന് ദിവസവും പരിശോധിക്കുന്നുണ്ട് . തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള 27 ആനകൾക്കും നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.