പത്തനംതിട്ട: അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് തഹസിദാർമാരുടെ നേതൃത്വത്തിൽ നടത്തിവരുന്നതെന്നു ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ഉദ്യോഗസ്ഥതല മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദേഹം.
ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ മുഴുവൻ വിവരങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കുന്നതിൽ തഹസിദാർമാരുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർമാരുടെ പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. ജില്ലയിൽ ലേബർ ഡിപ്പാർട്ട്‌മെന്റിന് പരിമിതമായ ഉദ്യോഗസ്ഥരെയുള്ളൂ. അതുകൊണ്ടാണ് റവന്യു സംവിധാനം ഇതിനായി പ്രയോജനപ്പെടുത്തിയത്. ജില്ലയിലെ 16,066 അതിഥി സംസ്ഥാന തൊഴിലാളികളുടെ കണക്ക് സമയബന്ധിതമായി വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കി. അതിഥി സംസ്ഥാന തൊഴിലാളികൾക്കു പരാതിയില്ലാതെ ഭക്ഷണമെത്തിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനമാണു കാഴ്ച്ചവച്ചത്. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം ലേബർ വകുപ്പ് വഴി അന്യ സംസ്ഥാന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് നമ്പരും വിശദാംശങ്ങളും തയ്യാറാക്കുന്നതിലും തഹസിദാർമാരുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർമാരുടെ പങ്കാളിത്തത്തോടെ നടത്തുന്ന വിവരശേഖരണവും പൂർത്തിയായി വരുന്നതായി ജില്ലാ കളക്ടർ പറഞ്ഞു.