പത്തനംതിട്ട : വീട്ടിൽ ഇരിക്കാൻ കിട്ടിയ സമയം സർഗാത്മകമായും ക്രിയാത്മകമായും ഉപയോഗിക്കാനാണ് ശ്രമം. അതേസമയം പ്രവാസി കൂടിയായിരുന്ന തനിക്കൊപ്പം ജോലി ചെയ്തിരുന്ന പ്രിയപ്പെട്ടവർ സുരക്ഷിതരാണോയെന്നുള്ള ആശങ്കയും പങ്കുവെയ്ക്കുന്നുണ്ട് എഴുത്തുകാരൻ ബെന്യാമീൻ. പന്തളം കുളനടയിലെ മണ്ണിൽ വീട്ടിൽ ആണ് അദ്ദേഹം ഇപ്പോൾ. ഗൾഫിൽ എൻജിനിയറായി ജോലി നോക്കിയിരുന്നപ്പോൾ നിരവധി സൗഹൃദങ്ങൾ ഉണ്ടായിരുന്നു. ചിലരുമായുള്ള ബന്ധം ഇപ്പോഴും സൂക്ഷിക്കുന്നു. അന്യസംസ്ഥാനക്കാരുമായടക്കം വലിയൊരു സൗഹൃദം സൂക്ഷിച്ചിരുന്നു. അവരെല്ലാം സുരക്ഷിതരാണോയെന്നറിയില്ല. കേരളം പോലെ സുരക്ഷിതമായ അവസ്ഥയാവില്ല അവിടെ. ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന നിരവധി പേരുണ്ട്, അവരുടെ സ്ഥിതി എന്താകുമെന്ന് ഭീതിയുണ്ട് . പ്രശ്നമൊന്നുമില്ലെന്ന് ആശ്വസിക്കാം അത്ര മാത്രം.
ഇവിടെ പൊതുവേ എന്തെങ്കിലും പരിപാടികൾ ഉണ്ടാകാറുണ്ട് ദിവസവും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മുമ്പ് മാറ്റിവച്ച ഒരു പാട് കാര്യങ്ങൾക്ക് സമയം കണ്ടെത്താൻ കഴിയുന്നു. അതൊരു സന്തോഷമാണെന്നും അദ്ദേഹം പറയുന്നു. ഭാര്യ ആശയ്ക്കും മക്കളായ രോഹനും കെസിയക്കുമൊപ്പം പാചകവും കൃഷിയുമാണ് ഇപ്പോഴത്തെ പ്രധാന പരിപാടി. പയറും പാവലുമടക്കമുള്ള പച്ചക്കറികളും മറ്റ് കാർഷിക വിളകളും നേരത്തേതിനേക്കാൾ കൃഷി ചെയ്ത് തുടങ്ങിയിട്ടുണ്ട്. വായിക്കാനും എഴുതാനും കൂടുതൽ സമയം ലഭിക്കുന്നു. ജോർദാനിൽ ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. അവിടേക്ക് പോകാൻ ഇരിക്കവേയാണ് ലോക്ക് ഡൗൺ പ്രഖ്യാപനം. സംവിധായകൻ ബ്ലെസിയും നടൻ പൃഥിരാജും അടക്കം തിരികെ എത്താനാകാതെ ജോർദാനിൽ പെട്ടു പോയത് വാർത്ത ആയിരുന്നു.
" നാം ഓരോരുത്തരുടെയും ചെറിയ വീഴ്ച പോലും നമ്മുടെ പ്രിയപ്പെട്ടവരെ രോഗിയാക്കിയേക്കും. എല്ലാവരും സുരക്ഷിതരായിരിക്കുക അതിനപ്പുറം ഒന്നുമില്ല. നമ്മൾ അതിജീവിക്കും. ഉയിർത്തെഴുന്നേപ്പിന്റെ കാലം കൂടിയാണിത്. "
ബെന്യാമീൻ