sanitizer

പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരത്തുകളിൽ രാപ്പകൽ ജോലി ചെയ്യുന്ന സേനാംഗങ്ങളുടെ സുരക്ഷയ്ക്കായി ജില്ലയിലെ പൊലീസുകാർ സ്വന്തമായി സാനിറ്റൈസർ നിർമ്മിച്ചു. പൊലീസിന് സാനിറ്റൈസറും മാസ്കും ഉൾപ്പടെയുള്ള സുരക്ഷാ മാർഗങ്ങൾ ആവശ്യത്തിന് ഇല്ലാതിരുന്നത് ആശങ്കയുണ്ടാക്കിയിരുന്നു. ഇതിന് പരിഹാരമായാണ് കേരള പൊലീസ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി സാനിറ്റൈസർ നിർമ്മിച്ചത്.
പോക്കറ്റിൽ സൂക്ഷിക്കാവുന്ന ചെറിയ കുപ്പികളിൽ സാനിറ്റൈസർ തയ്യാറാക്കി ജില്ലയിലെ സേനാംഗങ്ങൾക്ക് നൽകാനാണ് അസോസിയേഷന്റെ തീരുമാനം. ഇതിനായി 100 മില്ലി വീതമുള്ള 1200 കുപ്പി സാനിറ്റൈസർ തയ്യാറാക്കിയിട്ടുണ്ട്. ഇവ ഉന്നതോദ്യഗസ്ഥരുൾപ്പടെ ജില്ലയിലെ മുഴുവൻ പൊലീസുകാരിലുമെത്തിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ നിർവ്വഹിച്ചു. അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ് സജു ആദ്യ ബോട്ടിൽ ഏറ്റുവാങ്ങി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്. പി ആർ.ജോസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എൻ അനീഷ്, സെക്രട്ടറി ജി സക്കറിയ, ജില്ലാ കമ്മിറ്റിയംഗം അനൂപ് മുരളി, രാജൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

>>

"നിരന്തരം ജനങ്ങളുമായി ഇടപെടേണ്ടി വരുന്നവരാണ് പൊലീസ്. അതുകൊണ്ട് സുരക്ഷാ പ്രശ്നങ്ങൾ കൂടുതലായതിനാലാണ് അസോസിയേഷൻ ഇങ്ങനെ ഒരു പദ്ധതി ആസൂത്രണം ചെയ്തത്."


ജി സക്കറിയ,
കെ.പി.എ ജില്ലാ സെക്രട്ടറി