പത്തനംതിട്ട: മേടമാസ പൂജകൾക്കും വിഷു ഉത്സവത്തിനുമായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിക്കും. വിഷു ദിനമായ നാളെ പുലർച്ചെ 5ന് നട തുറന്ന് അയ്യപ്പനെ വിഷുക്കണി കാണിക്കും. ശേഷം അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ എന്നിവ കഴിഞ്ഞ് 10ന് നടഅടയ്ക്കും. വൈകിട്ട് 5ന് നട വീണ്ടും തുറക്കും. 6.30ന് ദീപാരാധന. 7.15ന് അത്താഴപൂജ കഴിഞ്ഞ് 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിൽ നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം, അഷ്ടാഭിഷേകം എന്നിവ ഉണ്ടാകില്ല. 18ന് രാത്രി 7.30 ന് നട അടയ്ക്കും.
ഒാൺലൈൻ വഴിപാട്
അയ്യപ്പഭക്തർക്കായി ദേവസ്വം ബോർഡ് ഓൺലൈൻ വഴിപാട് ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെ മുതൽ 18വരെ നീരാഞ്ജനം, നെയ് വിളക്ക്, അഷ്ടോത്തര അർച്ചന, സഹസ്രനാമ അർച്ചന,സ്വയംവരാർച്ചന, നവഗ്രഹ നെയ്യ് വിളക്ക്, ഗണപതി ഹോമം, ഭഗവതിസേവ എന്നീ വവഴിപാടുകൾ ഭക്തർക്ക് www.onlinetdb.com എന്ന പോർട്ടലിലൂടെ ബുക്ക് ചെയ്യാം. ഓൺലൈനായി കാണിക്ക അർപ്പിക്കുന്നതിനും അന്നദാന സംഭാവന നൽകുന്നതിനുമുള്ള സൗകര്യം ഉൾക്കൊള്ളിക്കും. അന്നദാന സംഭാവനകൾക്ക് ആദായ നികുതി ഇളവ് ലഭിക്കും. കാണിക്ക ധനലക്ഷ്മി ബാങ്കിന്റെ 012600100000019, 012601200000086 എന്നീ അക്കൗണ്ടുകൾ വഴി സമർപ്പിക്കാം.