പത്തനംതിട്ട : മദ്യമില്ലാതെ ആഘോഷമില്ലെന്ന് കരുതിയിരുന്ന മലയാളികൾക്ക് ഒരുതുള്ളി മദ്യം പോലും ലഭിക്കാതെയാണ് ഈസ്റ്റർ കടന്നു പോയത്. ഓണവും ക്രിസ്മസും മാത്രമല്ല വിവാഹവും മരണവുമടക്കം മദ്യമില്ലാത്ത സദസ് ചിന്തിക്കാൻ കഴിയാതിരുന്നവരുണ്ട്. ഓരോ ആഘോഷങ്ങൾക്കും വിൽക്കുന്ന മദ്യത്തിന്റെ അളവ് വർദ്ധിക്കുകയല്ലാതെ കുറവൊന്നും വന്നിട്ടില്ല. ആ സ്ഥാനത്താണ് ഒരു തുള്ളി മദ്യം പോലും കിട്ടാതെ ഈസ്റ്റർ കടന്നു പോകുന്നതും വിഷുവിനായി കാത്തിരിക്കുന്നതും.
* കഴിഞ്ഞ വർഷം രണ്ടരക്കോടി ജില്ലയിൽ ബീവറേജസ് ഔട്ട് ലെറ്റിലൂടെ കഴിഞ്ഞ ഈസ്റ്ററിന് രണ്ടരക്കോടിയുടെ മദ്യമാണ് കുടിച്ച് തീർത്തത്. വിഷുവിന് അതിലും കൂടി മൂന്നിന് അടുത്തെത്തും. ഈ പ്രാവിശ്യം അത് പൂജ്യമാണ്.
* വ്യാപക വാറ്റ്
ബിവറേജിന് പൂട്ട് വീണതോടെ ചാരായ് വാറ്റ് ജില്ലയിൽ സജീവമായി. രണ്ടായിരം ലിറ്ററിനോടടുത്ത് കോടയും ചാരായവും ഇതിനോടകം എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ലോക്ക് ഡൗൺ ആയതോടെ മലയോരമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ദിവസവും നൂറ് കണക്കിന് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്.
ജില്ലയിലാകെ 13 ബിവറേജസ് ഔട്ട് ലറ്റുകളാണ് ഉള്ളത്.
" നിരവധി ആഘോഷങ്ങളുള്ള സമയമാണിത്. വലിയൊരു ലാഭം ബീവറേജിന് കിട്ടുന്ന സമയം. വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പക്ഷേ ഇത് പ്രതിരോധത്തിന്റെ കാലമാണ്. ഇത് അതി ജീവിക്കുകയാണ് ആദ്യത്തെ ലക്ഷ്യം.
" ബിവറേജസ് അധികൃതർ