പത്തനംതിട്ട: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചണിനെ ആശ്രയിച്ച് വിശപ്പടക്കുന്നവരിൽ പത്തിലൊന്നു പേർ മാത്രമാണ് പ്രഭാത ഭക്ഷണവും അത്താഴവും വാങ്ങിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് 26ന് ആണ് ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ഭക്ഷണവിതരണം ആരംഭിച്ചത്.

ഇക്കഴിഞ്ഞ പത്ത് വരെയുള്ള പതിനാറ് ദിവസങ്ങളിലായി വിതരണം ചെയ്തത് 1,34,307ഭക്ഷണ പൊതികളാണ്. ഇതിൽ പ്രഭാത ഭക്ഷണമായി നൽകിയത് 11, 212 പൊതികളാണ്. 1,12,424 ഉച്ചഭക്ഷണ പൊതികളും 10,671 അത്താഴവും കമ്മ്യൂണിറ്റി കിച്ചണുകൾ വഴി വിതരണം ചെയ്തു. ജില്ലയിൽ നാലു മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണ് ഉള്ളത്. കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് കമ്മ്യൂണിറ്റി കിച്ചണുകൾ നടത്തുന്നത്.

62 കമ്മ്യൂണിറ്റി കിച്ചണുകളിലായി കഴിഞ്ഞ പതിനാറ് ദിവസം കൊണ്ടാണ് 1,12,424 ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്തത്. അതായത് ഒരുദിവസം ഒരു കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ശരാശരി 113 പൊതി മാത്രമാണ് വിതരണം ചെയ്തത്.

ഉച്ചഭക്ഷണം ലഭിക്കുന്ന എല്ലാവരും പ്രഭാതഭക്ഷണവും അത്താഴവും വാങ്ങുന്നില്ലെന്ന് കണക്കുകളിൽ നിന്ന് വ്യക്തം. ജീവിതശൈലീരോഗബാധിതരായ നിരവധി ആളുകൾ ഉള്ള ജില്ലയിൽ ഭക്ഷണ ദൗർലഭ്യം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു. പതിവായി ഒരേ രീതിയിലുള്ള ആഹാരം നൽകിയതിനാലാണ് പലരും പ്രഭാതഭക്ഷണവും അത്താഴവും കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് വാങ്ങാതായതെന്നും വിവരമുണ്ട്. അംഗങ്ങളുടെ കുറവുമൂലം മൂന്ന് നേരവും ആഹാരം ഉണ്ടാക്കാൻ പല കമ്മ്യൂണിറ്റി കിച്ചണുകൾക്കും സാധിക്കാതെയും വന്നു.

സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നൂറുകണക്കിന് ആളുകൾക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചിരുന്നു. എന്നാൽ സർക്കാർ കമ്മ്യൂണിറ്റികിച്ചണുകൾ മുഖാന്തിരമേ ഭക്ഷണം നൽകാവൂ എന്ന കർശന നിർദ്ദേശം നൽകിയതോടെ പലയിടത്തും ഭക്ഷണ വിതരണം തടസ്സപ്പെട്ടു.

കമ്മ്യൂണിറ്റി കിച്ചണുകളിൽ നേരിട്ടെത്തി ഭക്ഷണം വാങ്ങുന്നവരിൽ നിന്ന് 20 രൂപയും വീടുകളിൽ എത്തിക്കുന്നതിന് 25 രൂപയുമാണ് ഈടാക്കുന്നത്. പഞ്ചായത്ത് വാർഡ് മെമ്പർ, സി.ഡി.എസ് അംഗം, കുടുംബശ്രീ ജില്ലാ മിഷൻ അംഗങ്ങൾ എന്നിവരടങ്ങുന്ന ഏഴംഗ കോർഡിനേഷൻ കമ്മിറ്റിക്കാണ് കമ്യൂണിറ്റി കിച്ചണുകളുടെ ചുമതല.

> കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്ന്

ഭക്ഷണം വിതരണം ചെയ്തതിന്റെ കണക്ക്

(മാർച്ച് 26 മുതൽ ഏപ്രിൽ 10 വരെ)

ഉച്ചഭക്ഷണം 1, 12, 424

പ്രഭാത ഭക്ഷണം 11, 213

അത്താഴം 10, 671