പത്തനംതിട്ട: ഇൗ വിഷുക്കാലം എന്നും ഒാർമിക്കാനുളളതാണ്. കൊവിഡിന്റെ കൊക്കുകളിൽ കുടുങ്ങാതെ വാതിലടച്ച് വീടിനുളളിലെ വിഷു ആഘോഷത്തിന് ജില്ലയും ഒരുക്കത്തിലാണ്. നാളത്തെ വിഷുക്കണിയും സദ്യയും മുടങ്ങില്ല. വിളക്ക് കൊളുത്തി കണിവെള്ളരിയും കൊന്നപ്പൂവും സമൃദ്ധിയുടെ വിഭവങ്ങളുമൊരുക്കിയുളള വിഷുക്കണി നല്ല നാളകളിലേക്കുളള വെളിച്ചമാക്കും. മഹാമാരിയെ അതിജീവിക്കാനുളള കരുത്താകും. സാമൂഹിക അകലത്തിന്റെ നിയന്ത്രണങ്ങൾ ലംഘിക്കാതെ വിഷു വിഭവങ്ങൾക്കായി ജില്ലയിലും വിപണി തുറന്നിട്ടുണ്ട്. നാട്ടിൽ കൃഷി ചെയ്ത പച്ചക്കറികൾ റോഡരികിലും വിൽപ്പനയ്ക്ക് നിരന്നു.
കണിവെളളരിയും പച്ചക്കറികളും കൊന്നപ്പൂവും വാങ്ങാൻ ഇന്ന് കടകളിൽ ആളുകൾ കൂടിയാൽ സാമൂഹിക അകലവും നിയന്ത്രണവും ഉറപ്പുവരുത്താൻ പൊലീസും രംഗത്തുണ്ടാകും.
ഇന്നലത്തെ ഇൗസ്റ്റർ ആഘോഷത്തിന്റെ മുന്നോടിയായി കടകളിൽ സാധനങ്ങൾ വാങ്ങുന്നതിന് വലിയ തിരക്കുണ്ടായില്ല. വിഷുവിനും ഇതേ നിലയായിരിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ജനങ്ങൾ കൂടുതലായി ഇറങ്ങിയാൽ നിയന്ത്രിക്കാനാണ് പൊലീസിന്റെ തീരുമാനം.