റാന്നി: പച്ചമീൻ വരവ് നിലയ്ക്കുകയും വരുന്നവ പരിശോധന നടത്തുകയും ചെയ്തതോടെ കോളടിച്ചത് ഉണക്കമീൻ മൊത്ത വ്യാപാരികൾക്ക്. ചെറിയ കവറിൽ നൂറ് ഗ്രാം തൂക്കം വരുന്ന ഉണക്കമീന് ഇപ്പഴത്തെ ചില്ലറ വില അമ്പത് രൂപ.ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആദ്യ ആഴ്ചയിലെ ഇതിന്റെ വില ഇരുപതു രൂപയും. സിവിൽ സപ്ലൈസ്,ലീഗൽ മെട്രോളജി,റവന്യൂ വകുപ്പുകൾ ഒറ്റയ്ക്കും,കൂട്ടായും പരിശോധന തുടരുമ്പോളാണ് പൊതുജനത്തിനെ ഇങ്ങനെ ചിലർ കൊള്ളയടിക്കുന്നത്.പൂഴ്ത്തിവെപ്പും വിലകൂട്ടി വിൽക്കലും ചിലർ യഥേഷ്ടം തുടരുന്നുവെന്നതിന് ഇത് ഉത്തമ ഉദാഹരണമാണ്.മീൻ പായ്ക്കറ്റിന്റെ പുറത്തുള്ള സ്റ്റിക്കറിൽ 100 ഗ്രാം തൂക്കം എന്നത് മഷിയുപയോഗിച്ച് മറച്ചിരിക്കുകയാണ്. അതുപോലെ വിലയും 20 എന്നത് മായ്ച്ച് 50 എന്ന് പേന കൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുകിട കച്ചവടക്കാർ പറയുന്നു.വില കൂടുതലാണെന്ന് ചൂണ്ടിക്കാട്ടുന്നവരോടെ വേണമെന്നുണ്ടെങ്കിൽ വാങ്ങിയാൽ മതിയെന്നാണ് വ്യാപാരികളുടെ പക്ഷം.

അവസരം മുതലെടുത്ത് കച്ചവടക്കാ‌ർ

വില വർദ്ധിപ്പിച്ചതോടെ നാട്ടുമ്പുറത്തെ കടകളിൽ വിലയുടെ പേരിൽ തർക്കവും നടക്കുന്നുണ്ട്.പച്ചമീൻ മായം ചേർത്ത് വിൽക്കുന്നതെന്ന വാർത്തകൾ നിരന്തരം വരുകയും ആരോഗ്യ,ഭക്ഷ്യ വകുപ്പുകൾ പിടിച്ചെടുത്ത മത്സ്യങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന വാർത്തകൾ വന്നതോടെയാണ് ഉണക്ക മീൻ വാങ്ങുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചത്.ഈ അവസരം മുതലെടുത്ത് മൊത്ത കച്ചവടക്കാർ വൻ വില ഏകപക്ഷീയമായി ഉയർത്തുകയാണ് ചെയ്യുന്നത്.ഇതോടെ സാധാരണ ജനങ്ങൾക്ക് മീൻ തൊട്ടാൽ പൊള്ളുന്ന വസ്തുവായി മാറിയെന്നതാണ് വസ്തുത.

മീൻ പാക്കറ്റ് 100 ഗ്രാം എന്നെഴുതിയത് മായ്ച്ച് കളയുന്നു

വില 20 എന്നത് 50 ആക്കിമാറ്റുന്നു

റാന്നിയിലെ മൊത്ത വിതരണ വ്യാപാരിയുടെ കൈയിൽ നിന്നുമാണ് ചെറുകിട കച്ചവടക്കാർ ഇത് വാങ്ങുന്നത്. 40 വിലയിലാണ് ഇത് കൊടുക്കുന്നത്.

ചെറുകിട കച്ചവടക്കാർ