oxign
അടൂർ നഗരഹൃദയത്തിലെ ഒാക്സിജൻ ഡിജിറ്റൽ ഷോപ്പിൽ ലോക്ക് ഡൗൺ ലംഘിച്ച് എത്തിയവരെ പൊലീസ് കടയ്ക്ക് പുറത്താക്കിയപ്പോൾ

അടൂർ : മൊബൈൽ ഷോപ്പുകൾ തുറക്കാൻ നൽകിയ അനുമതി ലോക്ക് ഡൗൺ ലംഘിച്ച് യുവാക്കൾക്ക് പുറത്തിറങ്ങാൻ ഏറെ അവസരം ഒരുക്കി. യുവതികളും ഇറങ്ങിയതോടെ പൊലീസിനും തലവേദനയായി. ദിവസങ്ങളോളം പുറത്തിറങ്ങാൻ കഴിയാതെ വീർപ്പുമുട്ടിയ യുവത്വങ്ങൾക്ക് ഇന്നലെ ലോക്ക് ഡൗൺ ലംഘിക്കാനുള്ള വലിയൊരു അവസരമാണ് ലഭിച്ചത്. ഇതോടെ ഇന്നലെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം ഏറി. പൊലീസിനും നടപടി സ്വീകരിക്കാനായില്ല. ഇന്നലെ രാവിലെ മുതൽ മൊബൈൽ കടകൾ തുറന്നു. ഒരുകടയിൽ രണ്ടുപേരിൽ കൂടുതൽ സെയിൽസിന് കാണരുതെന്നായിരുന്നു സർക്കാർ നിബന്ധന. എന്നാൽ ഒട്ടുമിക്ക കടകളിലും നാലും അതിനും മുകളിൽപേർ ഉണ്ടായിരുന്നു. ഒപ്പം സാമൂഹ്യ അകലം പാലിക്കണമെന്ന നിബന്ധനയും കാറ്റിൽ പറത്തി. ഒരേ സമയം പത്തിലധികം ആളുകൾ കടമുറികളിൽ തങ്ങിനിറയുന്ന കാഴ്ചകണ്ട് പൊലീസിനും ഇടപെടൽ വേണ്ടിവന്നു. അടൂർ കെ. എസ്. ആർ. ടി. സി ജംഗ്ഷനിലുള്ള ഒാക്സിജൻ ഡിജിറ്റൽ ഷോപ്പിൽ നാല് സെയിൽസ്മാൻമാർക്കൊപ്പം പത്തിലധികം ആളുകളും കടമുറിക്കുള്ളിൽ തിങ്ങിനിറഞ്ഞതോടെ പൊലീസുകാർ കടയിൽ എത്തി ആളുകളെ പുറത്തിറക്കുകയും വിൽപ്പനയിൽ നിയന്ത്രണം വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പുറത്തിങ്ങിയ ആളുകൾ പലപ്പോഴും പൊലീസിന്റെ കണ്ണുവെട്ടിച്ച് നിയന്ത്രണങ്ങൾ ലംഘിക്കുന്ന കാഴ്ച കാണാമായിരുന്നു. ബൈക്കിലെത്തിയ യുവാക്കളുടെ സംഘങ്ങളിൽ ഏറെയും മൊബൈൽ ഷോപ്പിലേക്ക് എന്ന പേരിലായിരുന്നു. അതിഥി തൊഴിലാളികളും ഇന്നലെ പതിവ് നിയന്ത്രണങ്ങൾ തെറ്റിച്ച് നിരത്തിലിറങ്ങിയതും പൊലീസിനെ വിഷമിപ്പിച്ചു.