> ഇന്നലെ ചിറ്റാർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
പത്തനംതിട്ട: ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 17 ആയി. ചിറ്റാർ പാമ്പിനി സ്വദേശിയായ 48കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 22ന് ദുബായിൽ നിന്ന് നാട്ടിലെത്തിയ ഇദ്ദേഹത്തിന് കാര്യമായ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിനാെപ്പം ദുബായിൽ നിന്ന് വിമാനത്തിൽ യാത്ര ചെയ്ത മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ചിറ്റാർ സ്വദേശിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഇന്നലെ രോഗ ലക്ഷണങ്ങൾ സംശയിച്ച് ഒരാളെക്കൂടി ആശുപത്രിയിൽ െഎസൊലേഷനിലാക്കി. പരിശോധന ഫലം ലഭിച്ചിട്ടില്ല. ജില്ലയിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 16 ആയി. രോഗബാധ പൂർണമായും ഭേദമായ ഏഴു പേർ ഉൾപ്പെടെ ആകെ 132 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഇന്നലെ ലഭിച്ച 97 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. ആകെ 6247 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.