പത്തനംതിട്ട : കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവർക്കും രോഗലക്ഷണങ്ങളുമായി വാർഡുകളിൽ ഐസലേഷനിൽ കഴിയുന്നവർക്കും ഇനി വീട്ടിൽനിന്ന് വസ്ത്രങ്ങളെത്തും. ഇവർക്കുള്ള വസ്ത്രങ്ങൾ തുന്നുന്നതിന് ആറന്മുള മണ്ഡലത്തിൽ ഫ്രം ഹോം ശൃംഖല രൂപീകരിച്ചതായി വീണാ ജോർജ് എം.എൽ.എ പറഞ്ഞു. കൊവിഡ് രോഗികളും, ആശുപത്രിയിൽ തന്നെ ഐസലേഷനിൽ കഴിയുന്നവരും ഇടുന്ന വസ്ത്രങ്ങൾ ഒരു തവണത്തെ ഉപയോഗത്തിനു ശേഷം പ്രത്യേകമായി സീൽ ചെയ്ത് ബയോമെഡിക്കൽ മാലിന്യത്തിനൊപ്പം ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ വസ്ത്രങ്ങൾക്കും തോർത്തുകൾക്കും ബെഡ്ഷീറ്റുകൾക്കും ആവശ്യം ഏറെയാണ്. നിലവിൽ കൊവിഡ് ആശുപത്രിയായി മാറ്റിക്കഴിഞ്ഞ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ബെഡ് ഷീറ്റ് ഉൾപ്പെടെയുള്ളവയുടെ എണ്ണം പരിമിതമായ സാഹചര്യത്തിലാണ് ഇതിനെക്കുറിച്ച് ചിന്തിച്ചതെന്ന് എം.എൽ.എ പറഞ്ഞു. ഷർട്ടുകൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, കൈലികൾ എന്നിവയ്‌ക്കൊപ്പം ബെഡ്ഷീറ്റുകളും തോർത്തുകളും ആവശ്യമാണ്. തുന്നൽ അറിയുന്നവരും വീട്ടിൽ മെഷീൻ ഉള്ളവരുമായ നിരവധി പേർ ഇതിൽ പങ്കാളികളാകാൻ സന്നദ്ധരായി എത്തിയിട്ടുണ്ട്. തുണികൾ (അതത് വസ്ത്രത്തിന് ആവശ്യമാം വിധം മുറിച്ച് വേണമെങ്കിൽ അങ്ങനെയും) വീടുകളിൽ എത്തിക്കും. തയ്ച്ച തുണിത്തരങ്ങൾ വീടുകളിൽ നിന്ന് വോളന്റിയേഴ്‌സ് തന്നെ സ്വീകരിച്ച് ആശുപത്രികളിൽ എത്തിക്കും. നിലവിൽ ജനറൽ ആശുപത്രിയിൽ തുണികൾ കഴുകുന്നതിന് പവർ ലോൺട്രി ഇല്ല. ആശുപത്രിയുടെ ആവശ്യപ്രകാരം എം.എൽ.എ ഫണ്ടിൽനിന്ന് പവർ ലോൺട്രി നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പവർ ലോൺട്രി സ്ഥാപിക്കുംവരെ, തുന്നുന്ന പുതിയ വസ്ത്രങ്ങൾ കഴുകിയ ശേഷം മാത്രം ആശുപത്രിയിൽ എത്തിക്കുക. രോഗികൾക്കും, ഭാവിയിൽ ആശുപത്രി സ്റ്റാഫിനും ഇതേ രീതിയിൽ ആശുപത്രി വസ്ത്രങ്ങൾ നിർമിക്കുന്നതിനും ഇതേ സംവിധാനത്തിലൂടെ കഴിയുമെന്നും വീണാ ജോർജ് പറഞ്ഞു.