പത്തനംതിട്ട: തണ്ണിത്തോട്ടിൽ ക്വാറന്റൈനിൽ കഴിയവേ സി.പി.എം പ്രവർത്തകർ വീട് ആക്രമിച്ചതിന് പരാതി നൽകിയ പെൺകുട്ടിക്കെതിരെ ക്വാറന്റൈൻ ലംഘനത്തിനു കേസ്. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് തണ്ണിത്തോട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച വീടിനു പുറത്തേക്ക് പെൺകുട്ടി ഇറങ്ങിയെന്ന പേരിലാണ് കേസ്. കോയമ്പത്തൂരിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ മാർച്ച് 19നാണ് തണ്ണിത്തോട്ടിലെ വീട്ടിലെത്തിയത്. അന്നു മുതൽ ആരോഗ്യവകുപ്പിനെ അറിയിച്ചശേഷം ക്വാറന്റൈനിലാവുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന പേരിൽ പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണി ഉയർന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി പെൺകുട്ടി മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെതുടർന്ന് പെൺകുട്ടിയുടെ വീടിനുനേരെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായി. ജനൽച്ചില്ലകളും കതകും തകർത്തു. പെൺകുട്ടിയെ പിടിച്ചുതള്ളിയതായും പരാതിയുണ്ടായി. സി.പി.എം പ്രവർത്തകരുൾപ്പെട്ട കേസിൽ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടെ, കേസ് അട്ടിമറിക്കുന്നതായും മൊഴി പൊലീസ് മാറ്റിയെഴുതി അറസ്റ്റിലായവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടുവെന്നും ആരോപിച്ച് ശനിയാഴ്ച പെൺകുട്ടി വീട്ടിൽ നിരാഹാരമിരുന്നു. ഇതറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയതോടെയാണ് പുറത്തിരുന്ന പെൺകുട്ടി വീട്ടിലേക്ക് കയറിയതത്രേ. വീടിനു പുറത്തിറങ്ങിയതിന്റെ വീഡിയോ ദൃശ്യം അടക്കമാണ് ആരോഗ്യവകുപ്പ് റിപ്പോർട്ട് നൽകിയതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പെൺകുട്ടിയുടെ പിതാവും സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് അടൂർ ഡിവൈ.എസ്.പി പെൺകുട്ടിയിൽ നിന്നും മാതാപിതാക്കളിൽ നിന്നും വീണ്ടും മൊഴിയെടുത്തു. കേസിൽ അറസ്റ്റിലായവർക്കെതിരെ പുതിയ വകുപ്പുകൾ ചുമത്തണമോയെന്നതു സംബന്ധിച്ച് ഡിവൈ.എസ്.പിയുടെ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പെൺകുട്ടിക്കെതിരെ ക്വാറന്റൈൻ ലംഘനത്തിനു കേസെടുത്തത്.