പത്തനംതിട്ട: ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇന്നലെ രാവിലെ 10ന് മൊബൈൽ കടകൾ തുറന്നപ്പോൾ ചിലന്തിവല നീക്കിയും ഉറമ്പിനെയും പാറ്റയേയും ഒാടിച്ചും വ്യപാരികളുടെ ഒരു മണിക്കൂറോളം സമയം പാഴായി. അപ്പോഴേക്കും മൊബൈൽ വാങ്ങാനും സിം കാർഡ് എടുക്കാനും ആവശ്യക്കാരുടെ എണ്ണവും കൂടി. എങ്കിലും സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും ആവശ്യക്കാർ ക്ഷമയോടെ കാത്തു നിന്നു. ഇടക്കിടെ മാബൈൽ കടകൾക്കു മുന്നിൽ പൊലീസെത്തി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. ഇരുപത് ദിവസമായി അടഞ്ഞു കിടന്ന മൊബൈൽ കടകളാണ് ഇന്നലെ തുറന്നത്. മൊബൈലുകളും റീചാർജ് കൂപ്പണുകളുമാണ് കൂടുതലായി വിറ്റുപോയതെന്ന് പത്തനംതിട്ട നഗരത്തിലെ മൊബൈൽ സ്റ്റോർ ഉടമ അബ്ദുൾ ഷുക്കൂർ പറഞ്ഞു. തിരുവല്ല, ചെങ്ങന്നൂർ, അടൂർ നഗരങ്ങളിലെ മൊബൈൽ കടകളിലും ആവശ്യക്കാർ കൂടുതലായി എത്തിയിരുന്നു. അഞ്ച് വരെയാണ് കടകൾ തുറന്ന് പ്രവർത്തിച്ചത്.