പത്തനംതിട്ട: പ്രത്യാശയുടെ സന്ദേശവുമായെത്തിയ ഈസ്റ്ററിനെ 50 നാൾ നീണ്ട നോമ്പനുഷ്ഠാനങ്ങളോടെ വരവേറ്റ വിശ്വാസി സമൂഹം ഇന്നലെ ഭവനങ്ങളിലിരുന്നാണ് ശുശ്രൂഷകളിൽ പങ്കെടുത്തു. ആഘോഷങ്ങൾ ആൾക്കൂട്ടവും ഒഴിവാക്കിയിരുന്നു.
ശനിയാഴ്ച രാത്രി മുതൽക്കേ ദേവാലയങ്ങളിൽ വൈദികരുടെ കാർമികത്വത്തിൽ ശുശ്രൂഷകൾ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ ദിവ്യബലിയോടെ ശുശ്രൂഷകൾ പൂർത്തീകരിച്ചു. പതിവുള്ള പല ചടങ്ങുകളും സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടി ഒഴിവാക്കി.
തിരുവല്ല ബഥനി അരമന ചാപ്പലിൽ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സെന്റ് ജോൺസ് കത്തീഡ്രലിൽ ശനിയാഴ്ച രാത്രി ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ ഉയിർപ്പ് തിരുനാൾ ശുശ്രൂഷ പൂർത്തീകരിച്ചു. പത്തനംതിട്ട രൂപത ആസ്ഥാനത്ത് ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾ നടത്തി. ഓമല്ലൂർ ചീക്കനാൽ ബിഷപ്‌സ് റെസിഡൻസിയിൽ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ശുശ്രൂഷകൾ നടത്തി.
പത്തനംതിട്ട മേരിമാതാ ഫൊറോന ദേവാലയത്തിൽ മോൺ.ജോർജ് ആലുങ്കലിന്റെ മുഖ്യകാർമികത്വത്തിൽ ഉയിർപ്പ് തിരുനാൾ ശുശ്രൂഷ നടന്നു. പരുമല സെമിനാരി ദേവാലയത്തിൽ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയും മാർത്തോമ്മാ സഭ ആസ്ഥാനമായ തിരുവല്ല പുലാത്തീനിൽ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയും ശുശ്രൂഷകൾ നയിച്ചു. റാന്നി ഹോളി ട്രിനിറ്റി ആശ്രമ ചാപ്പലിൽ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്കു നേതൃത്വം നൽകി.