vishu

പത്തനംതിട്ട: വിളവുകൾക്ക് നല്ല വില കിട്ടേണ്ട വിഷുക്കാലത്ത് ലോക്ക്ഡൗണിന്റെ കെണിയിലാണ് കർഷകർ. ചന്തകളില്ലാത്തതിനാൽ കാർഷിക വിഭവങ്ങൾ വിൽക്കാൻ കഴിയുന്നില്ല. കിട്ടുന്ന വിലയ്ക്ക് വിൽക്കുകയേ നിവൃത്തിയുള്ളൂ.

 ചെറുകിട കർഷകർക്ക് വിപണിയില്ല

വിഷുക്കാലത്ത് വിളവെടുത്ത വെളളരി, പയർ, ചീര, പാവൽ, വെണ്ട, മുളക് തുടങ്ങിയവ വിറ്റഴിക്കാനാവാതെ ചെറുകിട കർഷകർ. കുറച്ച് സമയം മാത്രം തുറന്നിരിക്കുന്ന ആഴ്ച ചന്തകളിൽ ആള് കുറഞ്ഞതും വിളവുകൾ എത്തിക്കാൻ പൊലീസ് പരിശോധന കാരണം വാഹനങ്ങൾ കിട്ടത്തതും കാരണം കർഷകർക്ക് വലിയ നഷ്ടമുണ്ടാകുന്നു. പച്ചക്കറികൾ എടുക്കുന്ന സർക്കാരിന്റെ ഹോർട്ടികോർപ്പിലും കുടുംബശ്രീ അടുക്കളകളിലും വിളകൾക്ക് മതിയായ വിലയില്ല. വിഷുവിനുളള കണിവെളളരിയുടെയും വില കുറഞ്ഞു. ചീഞ്ഞ് നശിക്കാതിരിക്കാൻ അയൽ വീടുകളിൽ കുറഞ്ഞ് വിലയ്ക്ക് വിൽക്കുകയാണ്. കൊവിഡിന്റെ പേരിൽ ക‌ടകളിൽ ഏത്തക്കായ വില കുറച്ചാണ് എടുക്കുന്നത്. കിലോയ്ക്ക് 40-50രൂപ ലഭിക്കേണ്ടത് 10-15 രൂപയായി താഴ്ന്നു. തമിഴ്നാട്ടിൽ നിന്നുളള ഏത്തക്കായ നാല് കിലോയ്ക്ക് 100രൂപയ്ക്ക് കടകളിൽ വിറ്റഴിക്കുന്നു.

 കയറ്റുമതിയില്ലാതെ കൈതച്ചക്ക

പഴുത്ത കൈതച്ചക്കകൾ വിളവെടുക്കാനാവാത്തതിനാൽ നശിക്കുകയാണ്. മലയോര മേഖലകളിൽ ചെറുകിട കർഷകരുടെയും പ്ളാന്റേഷൻ കോർപറേഷന്റെയും റബർ തോട്ടങ്ങളിൽ ഇടവിളയായി വലിയ തോതിൽ കൈത കൃഷിയുണ്ട്. അതിർത്തികളിലെ കർശന വാഹന പരിശോധന കാരണം തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുന്നത് നിലച്ചു.

 വെറ്റക്കൊടികളിൽ കണ്ണീർ

ചന്തകളും മുറുക്കാൻ കടകളും പ്രവർത്തിക്കാത്തതിനാൽ വെറ്റില വിപണയില്ല. തമിഴ്നാട്ടിൽ നിന്ന് മൊത്തക്കച്ചവടക്കാർ വരുന്നില്ല. ആഴ്ചയിലൊരിക്കൽ പറിച്ചെടുത്തില്ലെങ്കിൽ ഇല മൂത്ത് അടത്തലയാകും. കൊടിയിൽ മുള പൊട്ടില്ല. മൂത്ത വെറ്റിലകൾ പറിച്ചു കളയുകയേ നിവൃത്തിയുള്ളൂ. 80 വെറ്റിലയുടെ ഒരു കെട്ടിന് 100 മുതൽ150 രൂപ വരെ കിട്ടേണ്ട സമയത്താണ് ലോക്ക്ഡൗൺ. 200 മൂടുളള വെറ്റക്കൊടിയിൽ നിന്ന് ആഴ്ചയിൽ പതിനായിരത്തോളം രൂപ വരുമാനം നേടുന്നവരാണ് ചെറുകിട കർഷകർ.

 നടുവൊടിഞ്ഞ് റബർ

താഴിലാളികൾ വരാത്തതിനാൽ റബർ ടാപ്പിംഗ് നടക്കുന്നില്ല. ഷീറ്റെടുക്കാൻ ചെറുകിട വ്യാപാരികൾ കടകൾ തുറക്കുന്നുമില്ല. കയറ്റുമതി നിർത്തിവച്ചു. റബറിനെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾ ബുദ്ധിമുട്ടിലായി. തോട്ടം മേഖലയിലെ തൊഴിലാളികൾ ജോലിയും ശമ്പളവും ഇല്ലാത്തതിന്റെ പ്രയാസം അനുഭവിക്കുന്നു. സമയത്ത് ടാപ്പിംഗ് നടക്കാത്തതിനാൽ മരങ്ങൾ കേടാവുന്നുമുണ്ട്.

 പിടിച്ചു നിന്ന് നെൽകർഷകർ

പാടങ്ങളിൽ നെല്ല് കൊയ്യുന്ന കാലത്താണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. നെല്ല് സംഭരണം മുടങ്ങി വലിയ പ്രതിസന്ധിയെ നേരിട്ടപ്പോഴാണ് സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായത്. നിശ്ചയിച്ച വിലയ്ക്ക് തന്നെ നെല്ല് സംഭരിച്ചത് കർഷകർക്ക് ആശ്വാസമായി.