തിരുവല്ല: ലോക്ക് ഡൗണിന്റെ ഭാഗമായി ഡയാലിസിസ് നടത്താനാകാതെ വലയുന്ന വൃക്കരോഗികൾക്ക് സഹായമേകി ജില്ലയിലാദ്യമായി തിരുവല്ല നഗരസഭയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ സൗജന്യ ഡയാലിസിസിന് സംവിധാനമൊരുങ്ങുന്നു. നാളെ മുതലാണ് സൗജന്യ ഡയാലിസിസ് ലഭ്യമാവുക. നാല് ഡയാലിസിസ് മെഷീനുകളാണ് ആശുപത്രിയിലുള്ളത്. പ്രതിദിനം 16 രോഗികൾക്ക് ഡയാലിസിസ് സൗകര്യം ലഭ്യമാകും. ആവശ്യമുള്ള രോഗികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ലോക്ക് ഡൗൺ കാലവധി അവസാനിക്കും വരെയാകും ഈ സേവനം ലഭ്യമാവുകയെന്നും ഡയാലിസിസിന്റെ ചെലവ് പൂർണമായും നഗരസഭ വഹിക്കുമെന്നും നഗരസഭ ചെയർമാൻ ആർ. ജയകുമാർ പറഞ്ഞു.