1
അച്ചുതൻ വീടിനുമുൻപിൽ

കടമ്പനാട് : ലോട്ടറി വിൽപനക്കാരനായ അച്യുതന്റെയും മൺപാത്രം വിൽക്കുന്ന ഒാമനയുടെയും ജീവിതം തകിടം മറിഞ്ഞത് ലോക് ഡൗണിലാണ് . പള്ളിക്കൽ പഞ്ചായത്തിലെ തോട്ടുവ 22 ാം വാർഡിൽ ചെറുതിട്ടയിലാണ് അച്യുതന്റെ വീട്. കാലിലുണ്ടായ മുറിവും തുടർന്നുണ്ടായ അസുഖങ്ങളും കാരണം ഒരു കാല് മുറിച്ചുമാറ്റി. ഇപ്പോൾ ലോട്ടറി വിറ്റാണ് ഉപജീവനം. ഇരുപത് വർഷം മുമ്പ് വീടിന് പട്ടികജാതി വികസനവകുപ്പ് 75000 രൂപ നൽകി. ആ തുകകൊണ്ട് കല്ലുകെട്ടി ഷീറ്റിട്ട രണ്ടുമുറി വീടുണ്ടാക്കി. അസുഖങ്ങളെ തുടർന്ന് ധാരാളം പണം ചെലവഴിക്കേണ്ടി വന്നതിനാൽ തുടർപണികൾ നടത്താനും കഴിഞ്ഞില്ല. കല്ലുകെട്ടി എന്ന് പറയാമെങ്കിലും അത്രയ്ക്ക് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് അച്യുതനും കുടുംബവും താമസിക്കുന്നത്. 21 ദിവസമായി വീട്ടിലിരിപ്പാണ് .ഒരു രൂപയില്ല. സർക്കാർ തന്ന റേഷനരിയും സന്നദ്ധപ്രവർത്തകർ നൽകിയ ഭക്ഷണസാധനങ്ങളുമാണ് ഏകസഹായം. കടബാദ്ധ്യതകളുണ്ട്. ഇപ്പോൾ ആരും ചോദിച്ചുവരുന്നില്ല എന്നേയുള്ളു.

പരമ്പരാഗതമായി മൺപാത്രനിർമ്മാണം നടത്തുന്ന കുടുംബമാണ് മണ്ണടി പുത്തൻവീട്ടിൽ ഒാമനയുടേത് . ഭർത്താവ് പുരുഷോത്തമനാണ് പ്രധാനമായും നിർമ്മാണം നടത്തുന്നത് . ഇതുമാത്രമാണ് ഏക വരുമാനം. ചെളി കിട്ടാത്തതും, കഷ്ടപ്പാടിനനുസരിച്ചുള്ള വരുമാനം കിട്ടാത്തതും സർക്കാർ ആനുകൂല്ല്യങ്ങൾ ലഭിക്കാത്തതുമെല്ലാം ഈ ചെറുകിട വ്യവസായത്തിന് പ്രതിസന്ധിയായപ്പോഴാണ് ലോക്ക് ഡൗൺ കടന്നുവരുന്നത് . ചെറിയകലങ്ങളും മറ്റും ഏറ്റവും കൂടുതൽ വിറ്റുപോകേണ്ടത് വിഷുക്കാലത്താണ് . പൊങ്കാലകളും സീസണാണ്. നൂറ് കണക്കിന് കലങ്ങളുടെ ഒാഡറുകളാണ് ലോക്ക് ഡൗൺ കാരണം മൺപാത്രങ്ങൾപോലെ വീണുടഞ്ഞുപോയത് .