തിരുവല്ല: ലോക്ക് ഡൗൺ കാരണം സ്റ്റേജും അനുബന്ധ കലകളിലുമുള്ള കലാകാരന്മാർ പ്രതിസന്ധിയിലായി. ഏത് ദുരന്തമുണ്ടായാലും ആദ്യം മാറ്റിവെയ്ക്കുക കലാപരിപാടികളാണ്. മുൻവർഷം മഹാപ്രളയത്തിലും ഈവർഷം മഹാമാരിയിലും ആഘോഷങ്ങൾ ഒഴിവാക്കിയപ്പോൾ പലരുടെയും കലാജീവിതം ദുഃഖപൂർണമായി. പരിപാടികൾ ഉണ്ടെങ്കിൽ വരുമാനം കിട്ടുന്ന ദിവസക്കൂലിക്കാർ മാത്രമായ ഈ വിഭാഗത്തേ സഹായിക്കുവാൻ സർക്കാരുകളോ സന്നദ്ധ സംഘടനകളോ തയാറായിട്ടില്ല. 40 ലക്ഷത്തോളം തൊഴിലാളികൾക്ക് വായ്പയും ധനസഹായവും പ്രഖ്യാപിച്ചതിൽ സർക്കാർ അഭിനന്ദനമർഹിക്കുന്നങ്കിലും, ലക്ഷക്കണക്കിനുള്ള കലാപ്രവർത്തകരേ സഹായിക്കുവാൻ യാതൊരുവിധ പദ്ധതിയുമില്ലാത്തത് പ്രതിഷേധകരമാണ്. കലാകാര ക്ഷേമനിധി ബോർഡും കേരള സംഗീത നാടക അക്കാദമിയും പ്രവർത്തിക്കുന്നുണ്ടെങ്കിലും മറ്റ് ബോർഡുകൾ മുഖേന പ്രഖ്യാപിച്ച അടിയന്തര സഹായമൊന്നും കലാപ്രവർത്തകരുടെ ക്ഷേമനിധി ബോർഡുകളിൽനിന്നും ഉണ്ടായിട്ടില്ല. മാത്രമല്ല ലക്ഷക്കണക്കിനുള്ള കലാപ്രവർത്തകരിൽ ചെറിയൊരു വിഭാഗം മാത്രമേ കലാപ്രവർത്തക ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ളു. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് എല്ലാവിഭാഗം കലാപ്രവർത്തകർക്കും സഹായമെത്തിക്കുവാൻ കഴിയുന്ന തരത്തിൽ അടിയന്തര പാക്കേജ് പ്രഖ്യാപിച്ച് കലാകാരന്മാരെ സഹായിക്കണമെന്ന് സ്റ്റേജ് ആർട്ടിസ്റ്റ്‌സ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക്) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഡോ. നിരണം രാജൻ, ജില്ലാ ജനറൽ സെക്രട്ടറി അജിമോൻ ചാലാക്കേരി എന്നിവർ ആവശ്യപ്പെട്ടു.