പത്തനംതിട്ട: സംസ്ഥാനത്തെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരും പങ്കാളികളാകുന്നു. ലോക്ക് ഡൗൺ കാലയളവിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിന് സന്നദ്ധ സേവകരാകണമെന്നറിയിച്ച് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ എം.പി ദിനേശിന്റെ അടിയന്തര സന്ദേശം ജീവനക്കാർക്ക് ഇക്കഴിഞ്ഞ 11ന് വാട്സാപ്പ് മെസേജായും ഇ മെയിലായും ലഭിച്ചു. ഇതിനകം 539 ജീവനക്കാർ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് താൽപ്പര്യം അറിയിച്ചിട്ടുണ്ട്.

സന്നദ്ധപ്രവർത്തകരാകാൻ തയ്യാറാണെന്നുളള സമ്മത പത്രം ഒാൺലൈനായി ജീവനക്കാർ നൽകണം. അതാത് യൂണിറ്റ് ഒാഫീസർമാരെയും വർക്ക് ഷോപ്പ് മേധാവികളെയും ഫോൺ മുഖേനയും അറിയിക്കാം. 40 വയസിൽ താഴെയുളളവരെ ആദ്യം പരിഗണിക്കും. മറ്റുളളവരെ ആരോഗ്യസ്ഥിതി അനുസരിച്ച് പങ്കാളികളാക്കും.

ജീവനക്കാർ താമസിക്കുന്ന സ്ഥലങ്ങളിലെ വില്ലേജുകളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ആരോഗ്യ പ്രവർത്തകർക്കൊപ്പം വിട്ടു നൽകും. ഡിപ്പോ ഒാഫീസർമാരും കൺട്രോളിംഗ് ഇൻസ്പെക്ടർമാരും കോർഡിനേറ്റർമാരായി പ്രവർത്തിക്കും.

കൊവിഡ് പ്രതിരോധത്തിനുളള സന്നദ്ധ പ്രവർത്തകരാകാൻ ആരെയും നിർബന്ധിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.

സംസ്ഥാനത്ത് ആകെ 93 കെ.എസ്. ആർ.ടി.സി ഡിപ്പോകളിലായി നാൽപ്പതിനായിരത്തോളം ജീവനക്കാരാണുളളത്. ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഡിപ്പോകളിൽ ബസുകൾ മാറ്റിയിടുന്ന ഷണ്ടിംഗ് ഡ്രൈവർമാരും ഒരാേ മെക്കാനിക്കും ഇലക്ട്രിഷ്യൻമാരുമാണ് ഡ്യൂട്ടിയിലുളളത്.

>

'' സർക്കാരിന്റെ കൊവിഡ് പ്രവർത്തനങ്ങളിൽ സാമൂഹിക പ്രതിബദ്ധതയുൾക്കൊണ്ട് സന്നദ്ധ പ്രവർത്തനത്തിന് കെ.എസ്.ആർ.ടി.സി ജീവനക്കാർ അണി ചേരണം.

എം.പി.ദിനേശ്, കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ