പത്തനംതിട്ട : കോവിഡ് 19 ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ലോക്ക്ഡൗൺ മൂലം ഉണ്ടാകാവുന്ന തൊഴിൽനഷ്ടവും അതിന്റെ തുടർച്ചയായി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് സാധാരണക്കാർക്ക് അടിയന്തര വായ്പാസഹായം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2018 ൽ നടപ്പിലാക്കിയ ആർ.കെ.എൽ.എസ് പദ്ധതിയുടെ മാതൃകയിൽ സർക്കാരും ബാങ്കും കുടുംബശ്രീയും ചേർന്ന് അയൽക്കൂട്ട വായ്പ പദ്ധതിയായാണ് ഇതു നടപ്പിലാക്കുന്നത്. പ്രത്യക്ഷമായോ പരോക്ഷമായോ കോവിഡ് 19 എന്ന മഹാമാരിയുടെ പ്രത്യാഘാതങ്ങൾക്ക് ഇരയാകേണ്ടിവന്ന വരുമാനം നിലച്ചുപോയ കുടുംബങ്ങളിലെ കുടുംബ്രശീ അംഗങ്ങളാണ് ഈ വായ്പ പദ്ധതിയിൽ ഉൾപ്പെടുക. അയൽക്കൂട്ട അംഗത്തിന് അല്ലെങ്കിൽ കുടുംബത്തിന് ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടിനും അവരുടെ സാമ്പത്തിക സ്ഥിതിക്കും ആനുപാതികമായി ഒരംഗത്തിന് 5000, 10000, 15000 എന്നിങ്ങനെ പരമാവധി 20,000 രൂപ വരെയാണ് ഒരു വ്യക്തിക്ക് ലഭിക്കുന്നത്. അയൽക്കൂട്ടത്തിനു ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വായ്പാ തുക 60,000 രൂപയും പരമാവധി വായ്പത്തുക 2.4 ലക്ഷം രൂപയുമാണ്. ഗുണഭോക്താവിന്റെ വായ്പാപരിധി ഓരോ അയൽക്കൂട്ടവും നിശ്ചയിക്കണം. ആറു മാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസം ആയിരിക്കും വായ്പാ കാലാവധി. ഒമ്പതു ശതമാനമാണു പലിശനിരക്ക്. പലിശ വാർഷിക ഗഡുക്കളായി സർക്കാർ കുടുംബശ്രീ മുഖാന്തിരം അനുവദിക്കും. കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (സി ഡി എസ്) യിൽ അഫിലിയേറ്റ് ചെയ്തിട്ടില്ലാത്തതും 201819 വർഷം അംഗത്വം പുതുക്കിയിട്ടില്ലാത്തതുമായ അയൽക്കൂട്ടങ്ങൾക്കു വായ്പ ലഭിക്കുന്നതല്ല. വായ്പ തിരിച്ചടവിൽ മുടക്കം വരുത്താത്ത നിലവിൽ രണ്ടിൽ കൂടുതൽ വായ്പ ഇല്ലാത്ത അയൽക്കൂട്ടങ്ങൾക്കാണു വായ്പ ലഭിക്കുക. കോവിഡ് 19 ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ക്ഷേമപെൻഷൻ 10,000 രൂപയിൽ കൂടുതൽ ലഭിക്കുന്ന കുടുംബശ്രീ കുടുംബങ്ങൾക്കും വായ്പ ലഭിക്കില്ല. ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ സിഡിഎസ് പ്രവർത്തിക്കാതിരുന്നതിനാൽ അഫിലിയേറ്റ് ചെയ്യാൻ കഴിയാതെ വന്ന അയൽക്കൂട്ടങ്ങളെ പ്രത്യേക സാഹചര്യത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണെന്ന് ജില്ലാ കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.